മദ്യം എടുത്തുകുടിച്ചതിന് തല്ലിക്കൊന്നു; കരമനയിലെ മധ്യവയസ്കന്റെ മരണം കൊലപാതകം, ആംബുലൻസ് വിളിച്ചതും പ്രതി

കരമന: മധ്യവയസ്കനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് പിടികൂടി.
കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠൻ നായരെ (55) യാണ് വ്യാഴാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കരമന പോലീസ് കേസെടുത്തു.
പോസ്റ്റ്മോർട്ടം പരിശോധനയിൽ മരണം വാരിയെല്ല് ഒടിഞ്ഞ് ആന്തരിക രക്തസ്രാവമുണ്ടായാണ് സംഭവിച്ചതെന്ന് തെളിഞ്ഞതോടെ ശ്രീകണ്ഠനോടൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ (35) പോലീസ് പിടികൂടി.അവിവാഹിതനായ ശ്രീകണ്ഠന്റെ വീട്ടിൽ പ്രതി ഒന്നരമാസമായി താമസിക്കുകയായിരുന്നു.
പ്രതി വാങ്ങിവെയ്ക്കുന്ന മദ്യം ശ്രീകണ്ഠൻ നായർ എടുത്ത് കുടിക്കുന്നു എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്നതിന്റെ
അടുത്ത ദിവസം പ്രതി തന്നെയാണ് പോലീസിൽ വിവരം അറിയിച്ചതും ആംബുലൻസ് വിളിച്ചതും. കൊലപാതകം നടന്നത് 16 ന് രാത്രിയാണ്. ഫോർട്ട് എ.സി.കെ.പ്രദീപിന്റെ നേതൃത്വത്തിൽ നേമം സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, കരമന എസ്.ഐ. അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.