ചോദ്യംചെയ്തത് 215 പേരെ, 67 കള്ളൻമാരേക്കുറിച്ച് പഠിച്ചു; അന്വേഷണ മികവില്‍ 20 അംഗ കണ്ണൂര്‍ സ്‌ക്വാഡ്

കണ്ണൂര്‍: കവര്‍ച്ചക്കേസ് തെളിയിക്കാന്‍ അന്വേഷണസംഘം ആശ്രയിച്ചത് വിവിധ വഴികള്‍. കവര്‍ച്ചവിവരം പുറത്തറിഞ്ഞതോടെ വീടിന്റെ ഒരുകിലോമീറ്റര്‍ ചുറ്റളവിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് നിരീക്ഷിച്ചു. അതിലൊന്നും അഷറഫിന്റെ വീട്ടില്‍നിന്ന് ഒരു സാധനവും പുറത്തേക്ക് പോയിട്ടില്ലെന്ന് ഉറപ്പിച്ചു. റോഡുകളും ഇടവഴികളും പോലീസ് നിരീക്ഷിച്ചു. പോലീസ് നായ ഓടിയത് ലിജേഷിന്റെ വീടിന് സമീപത്തുകൂടിയാണ്.
അഷറഫിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 215 പേരെ പോലീസ് ചോദ്യം ചെയ്തു. നാട്ടുകാര്‍, അയല്‍പക്കക്കാര്‍, ജീവനക്കാര്‍, പ്രദേശത്തെ കച്ചവടക്കാര്‍ എന്നിവരെയടക്കം ചോദ്യം ചെയ്തു. 67 പേരുടെ വിരലടയാളവും 100 സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു.
കോഴിക്കോടുമുതല്‍ മംഗളൂരൂവരെയുള്ള റെയില്‍വേ സ്റ്റേഷനുകളിലെ സി.സി.ടി.വി.കളും കവര്‍ച്ചനടന്ന വീട്ടിലെയും പരിസരത്തെയും സമീപ പ്രദേശങ്ങളായ വളപട്ടണം, പുതിയതെരു എന്നിവിടങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. 115 സി.ഡി.ആര്‍., 67 പ്രധാന കവര്‍ച്ചക്കാരുടെ പശ്ചാത്തലം അവരുടെ ഫോണ്‍ലൊക്കേഷന്‍ എന്നിവ പരിശോധിച്ചു. അഞ്ച് ടെലിഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലെ 35 ലോഡ്ജുകളില്‍ റെയ്ഡ് നടത്തി. പഴയകാല കവര്‍ച്ചക്കാരായ 11 പേരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.
നാല് സ്‌ക്വാഡുകളായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്.
അന്വേഷണ മികവില്‍ കണ്ണൂര്‍ സ്‌ക്വാഡ്
കണ്ണൂര്‍: വളപട്ടണം കവര്‍ച്ചക്കേസില്‍ 10 ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടാനായത് കണ്ണൂര്‍ സ്‌ക്വാഡിന്റെ അന്വേഷമികവ്. എ.സി.പി. ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള 20 അംഗ അന്വേഷണസംഘം രൂപവത്കരിച്ചാണ് പഴുതടച്ച അന്വേഷണം നടത്തിയതും പ്രതിയിലേക്ക് എത്തിയതും. നവംബര്‍ 20-നാണ് കവര്‍ച്ച നടന്നതെങ്കിലും 24-നാണ് പരാതി പോലീസില്‍ ലഭിച്ചത്.
അടുത്തറിയാവുന്ന ആളാണ് കവര്‍ച്ച നടത്തിയതെന്ന് തുടക്കം മുതലേ പോലീസിന് സംശയം ഉണ്ടായിരുന്നു. വ്യക്തമായ തെളിവുകളുമായിട്ടാണ് ലിജേഷിനെ കസ്റ്റഡിലെടുത്ത് പോലീസ് ചോദ്യംചെയ്തത്. എന്നാല്‍ കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് എ.സി.പി. രത്‌നകുമാറിന്റെ മുന്നില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. സുമേഷ്, എം.പി. ആസാദ്, സനല്‍ കുമാര്‍, പി.സി. സഞ്ജയ് കുമാര്‍, എസ്.ഐ.മാരായ ടി.എം. വിപിന്‍, പി. ഉണ്ണികൃഷ്ണന്‍, പി.കെ. സുരേഷ് ബാബു, കെ. രാജീവന്‍, എം. അജയന്‍, പി.കെ. ഷാജി, എസ്.സി.പി.ഒ. എം. സ്‌നേഹേഷ്, സി. സജിത്ത്, എ.എസ്.ഐ.മാരായ രഞ്ജിത്ത്, ഷാജി, സി.പി.ഒ. സി. നാസര്‍, കിരണ്‍, എന്‍. അമൃത, കെ. മഹിത, ബൈജു എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ പിടിച്ചതറിഞ്ഞ് വളപട്ടണത്തുനിന്നും പരിസര പ്രദേശങ്ങളില്‍നിന്നുമായി കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകള്‍ തിങ്കളാഴ്ച അതിരാവിലെ തന്നെ വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് ഒഴുകിയെത്തി. പുതിയതെരുവിലെ വ്യപാരിയും ട്രാഫിക് പോലീസിനെ ഗതാഗതനിയന്ത്രണത്തില്‍ സഹായിക്കുകയും ചെയ്യുന്ന നിധിന്‍ സുധാകരന്‍ സ്റ്റേഷനില്‍ ലഡു വിതരണം ചെയ്തു.
Content Highlights: Kannur police investigation in kannur robbery case