'ഇനി അവളെ കാണാനാവില്ലല്ലോ എന്ന വിഷമം മാത്രം', വിധിയെ സ്വാഗതം ചെയ്ത് വിഷ്ണുപ്രിയയുടെ കുടുംബം

മാധ്യമങ്ങളോട് സംസാരിക്കുന്ന വിഷ്ണുപ്രിയയുടെ കുടുംബാംഗം(ഇടത്ത്) വിധി കേട്ടശേഷം കോടതിയില്‍നിന്ന് പുറത്തേക്ക് വരുന്ന വിഷ്ണുപ്രിയയുടെ കുടുംബാംഗങ്ങളും പബ്ലിക് പ്രോസിക്യൂട്ടറും(വലത്ത്) | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി & സ്‌ക്രീന്‍ഗ്രാബ്: മാതൃഭൂമി ന്യൂസ്
മാധ്യമങ്ങളോട് സംസാരിക്കുന്ന വിഷ്ണുപ്രിയയുടെ കുടുംബാംഗം(ഇടത്ത്) വിധി കേട്ടശേഷം കോടതിയില്‍നിന്ന് പുറത്തേക്ക് വരുന്ന വിഷ്ണുപ്രിയയുടെ കുടുംബാംഗങ്ങളും പബ്ലിക് പ്രോസിക്യൂട്ടറും(വലത്ത്) | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി & സ്‌ക്രീന്‍ഗ്രാബ്: മാതൃഭൂമി ന്യൂസ്

കണ്ണൂര്‍:  പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ സന്തോഷമുണ്ടെന്ന് വിഷ്ണുപ്രിയയുടെ കുടുംബം. കേസില്‍ അന്വേഷണം നടത്തിയ പോലീസിനോടും പ്രോസിക്യൂഷനോടും നന്ദിയുണ്ടെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും കുടുംബം പ്രതികരിച്ചു. 

'ജീവപര്യന്തം കിട്ടിയതില്‍ സന്തോഷമുണ്ട്. ഇനി അവളെ വീണ്ടും കാണാനാവില്ലല്ലോ എന്ന വിഷമം മാത്രമേയുള്ളൂ. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്'', വിതുമ്പിക്കൊണ്ട് വിഷ്ണുപ്രിയയുടെ കുടുംബാംഗം മാധ്യമങ്ങളോട് പറഞ്ഞു. വധശിക്ഷയാണ് പ്രതീക്ഷിച്ചതെങ്കിലും പ്രതിക്ക് ജീവപര്യന്തം വിധിച്ചതില്‍ സന്തോഷമുണ്ടെന്ന് മറ്റൊരു ബന്ധുവും മാധ്യമങ്ങളോട് പറഞ്ഞു. 

കോടതിവിധിയില്‍ പ്രോസിക്യൂഷനും സന്തോഷമുണ്ടെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്ത് കുമാറിന്റെ പ്രതികരണം. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണിത്. കോടതി വിധിയെ സ്വാഗതംചെയ്യുന്നു. ഐപിസി 449(വീട്ടില്‍ അതിക്രമിച്ചുകയറല്‍) ഐപിസി 302(കൊലപാതകം) എന്നീ കുറ്റങ്ങളിലാണ് ശിക്ഷിച്ചത്. ഇതില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ കുറ്റത്തിന് പത്തുവര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കൊലക്കുറ്റത്തിന് ജീവിതാന്ത്യം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിധിപ്പകര്‍പ്പ് ഇതുവരെ കിട്ടിയിട്ടില്ല. വിധി വിശദമായി പഠിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പ്രണയം നിരസിച്ചതിന്റെ പേരില്‍ 2022 ഒക്ടോബര്‍ 22-നാണ് പാനൂര്‍ വള്ള്യായിലെ വിഷ്ണുപ്രിയ(25)യെ മാനന്തേരി സ്വദേശിയായ ശ്യാംജിത്ത്(28) വീട്ടില്‍ക്കയറി കഴുത്തറത്ത് കൊലപ്പെടുത്തിയത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി.മൃദുല പ്രതിയെ ജീവപര്യന്തത്തിനും പത്തുവര്‍ഷം തടവിനും ശിക്ഷിച്ചത്. 


 

Content Highlights: kannur panoor vishnupriya murder case family reaction about verdict