പോലീസുകാരൻ മദ്യലഹരിയിലോടിച്ച കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്; വാഹനമോടിച്ചത് അഴീക്കൽ കോസ്റ്റൽ എസ്.ഐ

#ന്യൂസ് ഡെസ്ക്
അപകടത്തിൽപെട്ട കാറും വാഹനമോടിച്ച ഡ്രൈവറും
അപകടത്തിൽപെട്ട കാറും വാഹനമോടിച്ച ഡ്രൈവറും

കണ്ണൂർ: പോലീസുകാരൻ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അഴീക്കൽ കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ രജിത്ത് ആണ് വാഹനമോടിച്ചത്.

21നായിരുന്നു സംഭവം. ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിനിയും പാർട് ടൈം ജോലിക്കാരിയുമായ സ്വാതി എന്ന യുവതിക്കും ഇതരസംസ്ഥാനതൊഴിലാളികളായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ജോലി സ്ഥലത്ത് നിന്ന് തിരിച്ചുവരുന്നതിനിടെയാണ് സ്വാതിയെ കാർ വന്നിടിച്ചത്. തൊഴിലാളികളെ ഇടിച്ചതിനു ശേഷമായിരുന്നു സ്വാതിയെ കാറിടിച്ചത്.

വാഹനമിടിച്ചിട്ടത് കണ്ടിട്ടും പോലീസുകാരൻ വാഹനം നിർത്താതെ പോയെന്നും സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടിച്ച് പിടിക്കുകയായിരുന്നുവെന്നും പരിക്കേറ്റവർ പറഞ്ഞു. നടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു പോലീസുകാരനെന്ന് സ്വാതി പറഞ്ഞു.

അപകടത്തെ തുടർന്ന് എസ്.ഐ രജിത്തിനെ സസ്‌പെൻഡ് ചെയ്തു. നേരത്തെയും മദ്യപിച്ച് വാഹനമോടിച്ച സംഭവങ്ങൾ രജിത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

Content Highlights: Azheekal coastal police station SI Rajith drove under the influence of alcohol., The vehicle hit three people, including a hotel management student and migrant workers, on the national highway at Kannothumchal., Locals chased and caught the officer after he failed to stop the car., SI Rajith has been suspended following the incident, having a history of similar offenses.