സിനിമയിൽ അഭിനയിക്കണം; തെളിവ് ബാക്കിയാക്കാതെ നാടുവിട്ടു, രാഗേഷിനെ കുടുക്കിയത് എഐ

കണ്ണൂർ: കൊലക്കേസിൽ ജയിലിൽ എത്തിയപ്പോൾ ജയിലിനകത്തുവെച്ച് മറ്റൊരു കൊലക്കേസിൽകൂടി പ്രതിയാകുന്ന അപൂർവസംഭവത്തിലെ പ്രതിയാണ് കഴിഞ്ഞ ദിവസം പിടിയിലായ താവക്കരയിലെ കണ്ടിക്കൽ ഹൗസിൽ രാഗേഷ്. കൊലക്കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് ബെംഗളൂരുവിലേക്ക് മുങ്ങിയത്. രണ്ട് കൊലപാതകം. കൊമ്പൻ പ്രദീപനെ നടുറോഡിൽ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തി. മറ്റേത് കെ.പി. രവീന്ദ്രനെ സെൻട്രൽ ജയിലിൽ വിറകുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയതും. രാഷ്ട്രീയമായും നിയമപരമായും കോളിളക്കമുണ്ടാക്കിയ രണ്ട് ഗുരുതരകുറ്റകൃത്യങ്ങൾ. കൊമ്പൻ പ്രദീപനെ കൊലപ്പെടുത്തിയ കേസിൽ മാസങ്ങൾ കഴിഞ്ഞപ്പോൾ ജാമ്യംകിട്ടി. പിന്നീട് ബെംഗളൂരുവിലേക്ക് കടന്നു. നാട്ടിലും വീട്ടിലുമുണ്ടായിരുന്ന എല്ലാ തെളിവുകളും നശിപ്പിച്ചായിരുന്നു വീട് വിട്ടിറങ്ങിയത്.
കണ്ടാൽ തിരിച്ചറിയാവുന്ന ഒരു ഫോട്ടോപോലും അവശേഷിപ്പിച്ചില്ല. പിന്നീട് സിനിമാക്കഥയെ വെല്ലുന്ന ജീവിതമായിരുന്നു. ഇനിയാരു പിടിക്കാൻ, ഇനിയെങ്ങനെ കണ്ടെത്താൻ ഓരോദിവസം കഴിയുന്തോറും രാഗേഷിന്റെ ആത്മവിശ്വാസം കൂടിക്കൊണ്ടേയിരുന്നു. അതോടെ ജീവിതം മറ്റൊരു രീതിയിലായി. പേരുമാറ്റി, തൊഴിലായി, കല്യാണമായി, കുടുംബമായി. സുഖജീവിതം.
അങ്ങനെയിരിക്കെയാണ് പിടികിട്ടാപ്പുള്ളികളെ തേടിയുള്ള കണ്ണൂർ സിറ്റി പോലീസിന്റെ അന്വേഷണം തുടങ്ങിയത്. അത് രാഗേഷിന്റെ കഷ്ടകാലത്തിന്റെകൂടെ തുടക്കമായിരുന്നു.
നാടകീയമായി പോലീസെത്തി പിടികൂടി കണ്ണൂരിൽ കൊണ്ടുവന്നു. ജയിലിലായി. കെ.പി. രവീന്ദ്രനെ അടിച്ചുകൊലപ്പെടുത്തിയ അതേ സെൻട്രൽ ജയിലിൽ.
പ്രതിയിലേക്ക് എത്തിയത് സഹോദരിയുടെ കല്യാണഫോട്ടോ
തെളിവുകളൊന്നും ബാക്കിവെക്കാതെ രാഗേഷ് നാടുവിട്ടെങ്കിലും അപ്രതീക്ഷിതമായി ലഭിച്ച കല്യാണ ആൽബത്തിൽനിന്നാണ് പ്രതിയിലേക്ക് എത്തിയത്. സഹോദരിയുടെ കല്യാണത്തിന് തലയിൽ അരിയിട്ട് അനുഗ്രഹിക്കുന്ന ഫോട്ടായായിരുന്നു അത്. ഫോട്ടോ എ.ഐ.യ്ക്ക് അയച്ചു. 20 വർഷം കഴിഞ്ഞാൽ ഇയാൾ എങ്ങനെയുണ്ടാകുമെന്ന് ചോദിച്ചു. അങ്ങനെ ഒരു ഫോട്ടോ കിട്ടി. അത് ഇന്നത്തെ രാഗേഷിന്റെ അതേ ചിത്രമായിരുന്നു. അതുവെച്ച് പല നാടുകളിലും പോലീസ് അന്വേഷിച്ചു. ഇതിനിടെ കൊമ്പൻ പ്രദീപൻ കൊലക്കേസ് സാക്ഷി ഒരിക്കൽ ബെംഗളൂരുവിൽ രാഗേഷിനെ കണ്ടതായി സുഹൃത്തിനോട് പറഞ്ഞു. പിന്നീട് സാക്ഷി മരിച്ചു. ഇതോടെ പോലീസിന് വെല്ലുവിളിയായി. ഇതിനിടയിൽ രാഗേഷിന്റെ സുഹൃത്തിന്റെ കൈയിൽനിന്ന് അവ്യക്തമായ ഒരു ഫോട്ടോകൂടി ലഭിച്ചു. രൂപവും ഭാവവും ഒന്നും മനസ്സിലാകാത്ത ഫോട്ടോ. ഇതുമായിട്ടാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സഹോദിമാരിൽ ഒരാളെ ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന് അന്വേഷണസംഘം മനസ്സിലാക്കി. സഹോദരിയുടെ ഫോൺ പരിശോധിച്ച് ‘കോൺടാക്ട് ഡീറ്റേയിൽസ്’ ശേഖരിച്ചു. തുടർന്നാണ് ബെംഗളൂരുവിൽ രാഗേഷ് ഉണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നത്. കർണാക രജിസ്ട്രേഷനുള്ള വാഹനം രാഗേഷ് ഉപയോഗിക്കുന്നതായും മനസ്സിലായി. വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ചതോടെയാണ് പ്രതിയിലേക്ക് എത്തിയത്.
ആരോടും അടുപ്പമില്ലാതെ, കാറ്ററിങ് തൊഴിലാളിയായി
രാഗേഷിനെ തേടി പോലീസ് താവക്കരയിലുള്ള വീട്ടിൽ പോയപ്പോൾ ബന്ധുക്കളും നാട്ടുകാരും ഏകസ്വരത്തിൽ പറഞ്ഞു. അയാൾ ജീവിച്ചിരിക്കാൻ സാധ്യതയില്ല. മരിച്ചിട്ടുണ്ടാകും. മരിക്കാനുള്ള സാധ്യതയുണ്ട്. മാനസികമായി ശരിയല്ലായെന്നും പറഞ്ഞു. പിന്നീടാണ് രാഗേഷിനെ തേടി പോലീസ് ബെംഗളൂരുവിൽ എത്തിയത്. തർബനഹള്ളിയിൽ കാറ്ററിങ് നടത്തുകയായിരുന്നു രാഗേഷ്. തൃശ്ശൂർകാരിയായ യുവതിയെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്. നാട്ടുകാരുമായോ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരുമായോ യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. മലയാളികൾ കൂടുതലുള്ള സ്ഥലമായതിനാൽ വളരെ കരുതലോടെയാണ് ജീവിതം. ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ സാബുവെന്ന പേരിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്.
പോലീസ് എത്തുമെന്ന് അറിയാമായിരുന്നു...
പോലീസിനെ കണ്ടയുടനെ വീട്ടിനകത്തേക്ക് കടന്ന രാഗേഷ് മുന്നിലെ ഗ്രിൽ അടച്ചു. പോലീസ് ബലംപ്രയോഗിച്ചാണ് തുറന്നത്. രാഗേഷല്ലേയെന്ന് പോലീസ് ചോദിച്ചു. അതേയെന്ന് ഉത്തരം. കേസിനെക്കുറിച്ച് അറിയില്ലേ. അറിയാമെന്ന് മറുപടിയും. താൻ നാട്ടിൽനിന്ന് മുങ്ങിയതാണെന്നും രാഗേഷിന്റെ മൊഴി. പോലീസ് വരുമെന്ന് അറിയാം. അതുകൊണ്ട് പുറത്താരുമായി യാതൊരു ബന്ധവുമില്ല. ഭാര്യയ്ക്ക് രാഗേഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്ന് പോലീസ് പറഞ്ഞു. താഴത്തെ നിലയിൽനിന്ന് വളർത്തുനായ പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ കുരച്ചുചാടിയെങ്കിലും ധൈര്യം കൈവിടാതെ പോലീസ് രാഗേഷിനെ പിടിക്കുകയായിരുന്നു.
കണ്ണൂർ സിറ്റി പോലിസ് കമ്മിഷണർ വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം നർക്കോട്ടിക് സെൽ എ.സി.പി. വി.വി. മനോജ്, കണ്ണൂർ എ.സി.പി. എം.പി. ആസാദ് സിറ്റി പോലീസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. വിനോദ്, എ.എസ്.ഐ.മാരായ ഷാജി, രാജീവൻ, സ്നേഹേഷ്, സജിത്ത്, ലെവൻ, സി.പി.ഒ.മാരായ നാസർ, അനൂപ്, ഷംസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Content Highlights: Ragesh, accused in two high-profile murder cases in Kannur, was arrested after 20 years in hiding., He committed a second murder inside the Kannur Central Jail while in custody for the first., Police tracked him down in Bengaluru using AI age-progression on an old wedding photo and phone tracking.