സ്‌ക്രീനിൽ കോടികള്‍ കണ്ടു, ഒന്നുംകിട്ടിയില്ല! കണ്ണൂരിൽ ഡോക്ടർക്ക് നഷ്ടം 4.43 കോടി, പ്രതി പിടിയിൽ

അറസ്റ്റിലായ സൈനുൽ ആബിദിൻ
അറസ്റ്റിലായ സൈനുൽ ആബിദിൻ

കണ്ണൂര്‍: ഓണ്‍ലൈന്‍ ഓഹരി വില്പനയിലൂടെ കോടികള്‍ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനംചെയ്ത് മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍നിന്ന് 4,43,20,000 രൂപ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. എറണാകുളം അറക്കപ്പടിയിലെ സൈനുല്‍ ആബിദിനെ (41)യാണ് കണ്ണൂര്‍ സിറ്റി സൈബര്‍ക്രൈം പോലീസ് സ്‌ക്വാഡ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നും രണ്ടും പ്രതികളായ തമിഴ്നാട് കാഞ്ചിപുരത്തെ മഹബൂബാഷ ഫാറൂഖ് (39), എറണാകുളം അറക്കപ്പടിയിലെ റിയാസ് (41) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ്‌ചെയ്തിരുന്നു. ഇരുവരും റിമാന്‍ഡിലാണ്.

വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിച്ചാണ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ ഡോക്ടറെ തട്ടിപ്പുസംഘം കബളിപ്പിച്ചത്. അപ്‌സ്റ്റോക് എന്ന കമ്പനിയുടെ വെല്‍ത്ത് പ്രോഫിറ്റ് പ്ലാന്‍ സ്‌കീമിലൂടെ വന്‍ ലാഭം കിട്ടുമെന്ന് വാഗ്ദാനംചെയ്ത് 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചു. 33 ഇടപാടുകളും നടന്നു. ഓരോ നിക്ഷേപം നടത്തുമ്പോഴും തട്ടിപ്പ് സംഘം സ്‌ക്രീനില്‍ ലാഭവിഹിതം കാണിച്ചു കൊണ്ടിരുന്നു. വ്യാജ ട്രേഡിങ് ആപ്ലിക്കേഷനില്‍ വലിയ ലാഭം കാണിച്ച ശേഷം പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ 25-ന് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്.

ഡോക്ടര്‍ നിക്ഷേപിച്ച 18 ബാങ്ക് അക്കൗണ്ടുകളില്‍ ഒരെണ്ണം ചെന്നെയിലാണ്. ഇതിന്റെ മേല്‍വിലാസത്തില്‍ സൈബര്‍സംഘം അന്വേഷിച്ചെത്തിയപ്പോഴാണ് തട്ടിപ്പ് സംഘത്തിലെ മഹബൂബാഷ ഫാറൂഖ്, റിജാസ് എന്നിവരെക്കുറിച്ച് വിവരം ലഭിച്ചത്. ചെന്നൈയില്‍നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട തുകയില്‍ 40 ലക്ഷത്തോളം രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടിലെത്തി. ഇതില്‍നിന്ന് ഒന്നരലക്ഷം രൂപ തവണകളായി ആലുവയിലെ എടിഎമ്മില്‍നിന്ന് പിന്‍വലിച്ചതായി അന്വേഷണത്തില്‍ മനസ്സിലായി. ഇതേത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൈനുല്‍ ആബിദിനിലേക്ക് പോലീസ് എത്തിയത്.

ചെന്നെ സ്വദേശിയും തൊഴിലാളിയുമായ സെന്തില്‍കുമാറിന്റെ പേരിലാണ് ബാങ്ക് അക്കൗണ്ട്. മഹബൂബാഷ ഫാറൂഖും റിജാസുമാണ് അക്കൗണ്ട് എടുപ്പിച്ചത്. പാസ് ബുക്ക്, ചെക്ക് ബുക്ക്, എടിഎം കാര്‍ഡ്, സിം കാര്‍ഡ് എന്നിവ സൈബുല്‍ ആബിദിന് അയച്ചുകൊടുക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതും പണമെടുക്കുന്നതും ഇയാളാണെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി.

എടിഎം വഴി പണം പിന്‍വലിച്ച് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികള്‍ക്ക് കംബോഡിയയിലെ സൈബര്‍ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ റൂറല്‍, വിശാഖപട്ടണം, ചെന്നൈ എന്നീ സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ സൈനുല്‍ ആബിദിന്റെ പേരില്‍ വേറെയും കേസുകളുണ്ട്. കഴിഞ്ഞമാസമാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് മഹേഷ് കണ്ടമ്പേത്ത്, എസ്െഎ ടി.പി.പ്രജീഷ്, ജിഎസ്െഎ ഉദയകുമാര്‍, എഎസ്െഎ വി.വി.പ്രകാശന്‍, സി.ജിതിന്‍, സിപിഒ സുഡാന്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്.

സവാളക്കച്ചവടം മറയാക്കി
കണ്ണൂര്‍: ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പില്‍ അറിയപ്പെടുന്ന ഡോക്ടര്‍ക്ക് നഷ്ടമായത് 4.43 കോടി രൂപ. പ്രതികളെ തേടിപ്പോയ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്‌ക്വാഡ് ചുരുളഴിച്ചത് അന്താരാഷ്ട്രബന്ധമുള്ള തട്ടിപ്പ്.

കംമ്പോഡിയ വരെ നീണ്ടുനില്‍ക്കുന്നതാണ് തട്ടിപ്പുസംഘത്തിന്റെ കണ്ണി. കംമ്പോഡിയയിലിരുന്നാണ് സംഘം ഇന്ത്യയിലെ തട്ടിപ്പ് കണ്ണികളെ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞദിവസം അറസ്റ്റിലായ കേസിലെ പ്രധാന പ്രതി സൈനുല്‍ ആബിദീന്‍ സവാളക്കച്ചവടത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്ക് സംഘവുമായി 'ലിങ്കുണ്ടെന്ന്' പോലീസ് കണ്ടെത്തി. ടെലിഗ്രാം മുഖേനയാണ് കംമ്പോഡിയയിലെ സംഘവുമായി ബന്ധപ്പെടുന്നത്.

ദാരിദ്ര്യം മുതലെടുത്തും പാവപ്പെട്ടവരെ ഉപയോഗിച്ചുമാണ് സൈനുല്‍ ആബിദീന്‍ ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും സംഘടിപ്പിക്കുന്നത്. കേരളത്തിനുപുറത്തുള്ളവരെയാണ് ഇതിനായി ഉപയോഗിക്കുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബരങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഹൈദരാബാദ്, ചെന്നൈ, കര്‍ണാടക, കണ്ണൂര്‍ റൂറല്‍ എന്നിവിടങ്ങളില്‍ തട്ടിപ്പ് കേസിലും ഇയാള്‍ പ്രതിയാണ്. കഴിഞ്ഞമാസമാണ് റിമാന്‍ഡ് കഴിഞ്ഞ് ജയിലില്‍നിന്ന് ഇറങ്ങിയത്.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സുരക്ഷിമാക്കി സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് ഉടനെ മാറ്റും. ഡോക്ടറുടെ പണം 18 അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇതില്‍ 33 ഇടപാടുകളും നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല
സ്വന്തംപേരില്‍ മൊബൈല്‍ ഫോണോ സിം കാര്‍ഡോ സൈനുല്‍ ആബിദീന്‍ ഉപയോഗിക്കാറില്ല. ഇതരസംസ്ഥാനങ്ങളിലെ സാധാരണക്കാരെ ഉപയോഗപ്പെടുത്തിയാണ് സിം കാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ സിംകാര്‍ഡും മൂന്നുമാസത്തിലൊരിക്കല്‍ മാറ്റിക്കൊണ്ടിരിക്കും. കുടുംബവുമായി പോലും ഫോണില്‍ ബന്ധപ്പെടാറില്ലെന്ന് പോലീസ് പറഞ്ഞു. രണ്ടുതവണ പോലീസ് ഇയാളെയും തേടിപ്പോയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വ്യാഴാഴ്ച പിടിയിലാകുന്നത്.

കേസെടുത്താല്‍ നിമിഷനേരംകൊണ്ട് അറിയും
സൈബര്‍ തട്ടിപ്പിന് ഇരയായവര്‍ നല്കുന്ന പരാതിയില്‍ പോലീസ് കേസെടുത്താല്‍ നിമിഷനേരം കൊണ്ട് തട്ടിപ്പ് സംഘങ്ങള്‍ വിവരങ്ങളറിയുന്നു. ഇതിനായി ആധുനികസംവിധാനങ്ങള്‍ വരെ സൈബര്‍ മാഫിയകള്‍ക്കുണ്ട്. തട്ടിപ്പിന് ഇരയായ ആള്‍ പരാതിപ്പെട്ടാല്‍ അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കും. അക്കൗണ്ടില്‍ ഇടപാടുകള്‍ നടക്കില്ലെന്ന് തട്ടിപ്പുകാര്‍ക്ക് ബോധ്യപ്പെടുന്നതോടെ അക്കൗണ്ട് ഒഴിവാക്കി പുതിയത് ആരംഭിക്കും.

രണ്ടുമാസംകൊണ്ട് സ്‌ക്രീനില്‍ തെളിഞ്ഞത് 55.57 കോടി ലാഭം
ഓണ്‍ലൈന്‍ ഓഹരിവില്പനയിലൂടെ ഡോക്ടര്‍ക്ക് ലാഭവിഹിതമായി തട്ടിപ്പുസംഘത്തിന്റെ സ്‌ക്രീനില്‍ തെളിഞ്ഞത് 55.57 കോടിരൂപ. ഏപ്രില്‍ മുതല്‍ ജൂണ്‍ 25 വരെയുള്ള കാലയളവില്‍ പലതവണകളിലായി 4.43,20,000 രൂപയാണ് ഡോക്ടര്‍ തട്ടിപ്പ് സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് നിക്ഷേപിച്ചത്. ഓരോതവണ പണം നിക്ഷേപിക്കുമ്പോഴും ലാഭവിഹിതം കാണിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ വിവിധ നികുതികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് തട്ടിപ്പ് സംഘം മൊബൈല്‍ ഫോണ്‍ ഓഫാക്കി രക്ഷപ്പെടുകയായിരുന്നു.

Content Highlights: Kannur doctor loses ₹4.43 crore to online share trading fraudsters.