ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും 'ബ്ലാക്ക്മാന്‍'; മതിലില്‍ എഴുത്തും കതകില്‍ മുട്ടലും

പ്രാപ്പൊയില്‍ ഈസ്റ്റില്‍ കളപ്പുരയ്ക്കല്‍ ഷീബ പോളിന്റെ വീടിന്റെ മതിലില്‍ ബ്ലാക്ക്മാന്‍ എന്ന് എഴുതിയിരിക്കുന്നു(ഇടത്ത്) പ്രാപ്പൊയില്‍ ഈസ്റ്റിലെ ആയുര്‍വേദ ആസ്പത്രിയുടെ ഭിത്തിയിലെ ചുവരെഴുത്ത്(വലത്ത്)
പ്രാപ്പൊയില്‍ ഈസ്റ്റില്‍ കളപ്പുരയ്ക്കല്‍ ഷീബ പോളിന്റെ വീടിന്റെ മതിലില്‍ ബ്ലാക്ക്മാന്‍ എന്ന് എഴുതിയിരിക്കുന്നു(ഇടത്ത്) പ്രാപ്പൊയില്‍ ഈസ്റ്റിലെ ആയുര്‍വേദ ആസ്പത്രിയുടെ ഭിത്തിയിലെ ചുവരെഴുത്ത്(വലത്ത്)

ചെറുപുഴ(കണ്ണൂര്‍): ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം ബ്ലാക്ക്മാന്‍ എന്ന അജ്ഞാതന്‍ വീണ്ടും പണി തുടങ്ങി. വെള്ളിയാഴ്ച രാത്രി പ്രാപ്പൊയില്‍ ഈസ്റ്റിലെ ചെറുപുഴ പഞ്ചായത്ത് ആയുര്‍വേദ ആസ്പത്രി, സമീപത്തെ കളപ്പുരയ്ക്കല്‍ ഷീബ പോളിന്റെ വീടിന്റെ മതില്‍, മ്ലാങ്കുഴിയില്‍ ശാന്ത വര്‍ഗീസിന്റെ വീടിന്റെ ഭിത്തി എന്നിവിടങ്ങളില്‍ കരികൊണ്ട് എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തു.

പെരുന്തടത്തെ കൃഷ്ണന്റെ വീടിന്റെ വാതിലില്‍ ഇടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു. ചെറുപുഴ പെരുങ്കുടല്‍ റോഡിലെ ജസ്റ്റിന്‍ പടമാട്ടുമ്മലിന്റെ വീട്ടില്‍ എത്തിയ അജ്ഞാതന്‍ കതകില്‍ ചവിട്ടി ശബ്ദമുണ്ടാക്കി. വീട്ടമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. 

15 ദിവസമായി അജ്ഞാതന്‍ വിളയാട്ടം തുടങ്ങിയിട്ട്. നാട്ടുകാരും ജാഗ്രതാസമിതിയും കാവല്‍ നില്‍ക്കാന്‍ ആരംഭിച്ചതോടെയാണ് അജ്ഞാതന്‍ ഒരു ദിവസം ഒതുങ്ങിയത്. പോലീസ് പട്രോളിങ്ങും ശക്തമാക്കിയിരുന്നു. നാട്ടുകാര്‍ കാവല്‍ കുറച്ചതോടെ ഇയാള്‍ വീണ്ടും രംഗത്ത് വരികയായിരുന്നു. ഒരു തവണ സി.സി.ടി.വി. ക്യാമറയില്‍ കുടുങ്ങിയെങ്കിലും ദൃശ്യങ്ങളില്‍നിന്ന് ആളെ വ്യക്തമാകാത്ത സ്ഥിതിയായിരുന്നു.

Content Highlights: kannur cherupuzha blackman