പെട്രോൾ പമ്പിന് പാർട്ട്‌ണർഷിപ്പില്ല; നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്ന് പോലീസ്

തലശ്ശേരി : കണ്ണൂർ എഡിഎമ്മായിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്ന് പോലീസ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹൻ ഇത് സംബന്ധിച്ച വിവരം തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് മുമ്പാകെ നൽകി. നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ മജിസ്ട്രേറ്റ് മുമ്പാകെയും പിന്നീട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലും ഹർജി നൽകിയത്. പ്രതി പി.പി. ദിവ്യ തിങ്കളാഴ്ച കോടതിയിൽ ഹാജരായിരുന്നു. കേസ് ഫെബ്രുവരി 19-ന് പരിഗണിക്കും.
കേസിൽ ഏക പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ മൊബൈൽഫോൺ ശാസ്ത്രീയ പരിശോധന തിരുവനന്തപുരത്തെ ലാബിലും മറ്റുള്ളവ കണ്ണൂരിലെ ലാബിലും നടത്തിയതിന്റെ ഫലം കോടതിയിൽ നൽകി. ശാസ്ത്രീയപരിശോധന നടത്തിയില്ലെന്ന പരാതിക്കാരിയുടെ വാദം നിലനിൽക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2024 ഒക്ടോബർ 15-നാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പെട്രോൾ പമ്പിന് പാർട്ട്‌ണർഷിപ്പില്ല
തളിപ്പറമ്പ് താലൂക്കിലെ ചുഴലി വില്ലേജിൽ ചേരംകുന്ന് ടി.വി. പ്രശാന്തിന് ബിപിസിഎൽ പെട്രോൾപമ്പ് അനുവദിച്ചിരുന്നു. പെട്രോൾപമ്പ് അനുമതിക്കായി നൽകിയ നോട്ട് ഫയൽ ബന്തവസിലെടുത്ത് രേഖകൾ പരിശോധിച്ചതിൽ പെട്രോൾപമ്പിന് പാർട്ട്‌ണർഷിപ്പ് ഇല്ലെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: naveen babu death police report