വി. കുഞ്ഞികൃഷ്ണന്റെ പ്രചാരണത്തിൽ പങ്കെടുത്തയാളുടെ വർക്ക്‌ഷോപ്പിൽ ആക്രമണം; മകന് പരിക്ക്

കാങ്കോൽ(കണ്ണൂർ): തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമഭീഷണിയുള്ളതിനാൽ പോലീസ് സംരക്ഷണമേർപ്പെടുത്തിയ കാങ്കോലിലെ ഡെഡ്‌കോ വർക്ക് ഷോപ്പിൽ അതിക്രമിച്ച് കയറി അക്രമം. നിയുക്ത പയ്യന്നൂർ എം.എൽ.എ. വി.കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതൃത്വത്തിലുണ്ടായിരുന്ന പി.ദിവാകരന്റെ ഉടമസ്ഥതയിലുള്ള 'സെഡ്‌കോ' വർക്ക് ഷോപ്പിലാണ് നാലോളംപേർ ആക്രമണം നടത്തിയത്. കടയിലുണ്ടായിരുന്ന പി.ദിവാകരന്റെ മകൻ വിഷ്ണു ദിവാകരനെ (21) മർദിച്ചു.
പരിക്കേറ്റ വിഷ്ണു ദിവാകരനെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിനും താടിക്കുമാണ് പരിക്കേറ്റത്. അറ്റകുറ്റപ്പണികൾക്കായി നൽകിയ കാറ് അക്രമികൾ എടുത്ത് കടന്നു. വിഷ്ണു ദിവാകരന്റെ പരാതിയിൽ രാമന്തളിയിലെ മെഹറൂഫിനും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടുപേർക്കുമെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.
രണ്ടുമാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിലെത്തിച്ച കാർ എടുക്കാത്തതിനെത്തുടർന്ന് വർക്ക് ഷോപ്പിൽനിന്ന് കാർ മാറ്റണമെന്ന് വാഹനയുടമയ്ക്ക് സന്ദേശമയച്ചിരുന്നു. ഇതേത്തുടർന്നെത്തിയ ആളുകൾ സർവീസ് ചാർജ് നൽകാതെ കാറെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച വിഷ്ണുവിനെ ആയുധംകൊണ്ട് താടിയിൽ മുറിവേൽപ്പിക്കുകയും നെഞ്ചിലിടിച്ച് പരിക്കേൽപ്പിച്ച് കാറുമായി കടന്നുവെന്നുമാണ് പരാതി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭീഷണിയുണ്ടായിരുന്നതിനാൽ ദിവാകരനും സ്ഥാപനത്തിനും പോലീസ് സംരക്ഷണമേർപ്പെടുത്തിയിരുന്നു. ദിവസങ്ങളായി തുടരുന്ന ഈ സംരക്ഷണത്തിനിടയിൽ പോലീസ് സ്ഥലത്തില്ലാത്ത സമയത്താണ് ആക്രമണമുണ്ടായത്. പോലീസ് സ്ഥാപിച്ചതുൾപ്പെടെയുള്ള നിരീക്ഷണക്യാമറ ദൃശ്യങ്ങളിൽ വർക്ക് ഷോപ്പിൽ നടന്ന അക്രമദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതുകൂടി പരിശോധിച്ചാണ് പെരിങ്ങോം പോലീസ് പ്രതികൾക്കെതിരെ കേസെടുത്തത്.
Content Highlights: Physical assault on a workshop owner's son in Kankol, Kannur., The incident occurred despite existing police protection due to election threats., Attackers forcibly took a car from the premises without paying service charges., Peringome police registered a case based on CCTV evidence and victim complaint., The victim is currently undergoing treatment at Kannur Medical College Hospital.