മെസ്സി വിവാദം: പണമടച്ചതിന് രേഖകളുണ്ടോ എന്ന് ചോദ്യം, ഉണ്ടെന്ന് ആന്റോയുടെ ഉത്തരം;ഇതുവരെ ഹാജരാക്കിയില്ല

#ഇ.വി. ജയകൃഷ്ണൻ
ആന്റോ അഗസ്റ്റിൻ, മെസ്സി | Photo: @facebook/Anto Augustine, PTI
ആന്റോ അഗസ്റ്റിൻ, മെസ്സി | Photo: @facebook/Anto Augustine, PTI

കാഞ്ഞങ്ങാട്: അർജന്റീന ഫുട്‌ബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാനെന്നുപറഞ്ഞ് വിദേശ അക്കൗണ്ടിൽ 126 കോടി രൂപ അടച്ചതിന്റെ രേഖകളുണ്ടോയെന്നായിരുന്നു റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിനോട് കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ ആദ്യ ചോദ്യം. എല്ലാത്തിനും കൃത്യമായ രേഖകളുണ്ടെന്ന് ആന്റോയുടെ മറുപടി. എങ്കിൽ കാണിക്കൂ എന്നായി ഉദ്യോഗസ്ഥർ. അതൊന്നും കൊണ്ടുവന്നിട്ടില്ലെന്നായി അദ്ദേഹം.

ഒരുവർഷം മുൻപാണ് കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സമൻസ് നൽകിയത്. ഇത്രയും സമയം അനുവദിച്ചിട്ടും രേഖകളൊന്നും കൊണ്ടുവന്നിട്ടില്ലെന്നാണോ പറയുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ അടുത്ത ചോദ്യം. രേഖകളെല്ലാം ഹാജരാക്കാമെന്നായി ആന്റോ. അതുകഴിഞ്ഞ് അദ്ദേഹം ചാനൽചർച്ചയിൽ തന്നെ പറഞ്ഞു, ‘പുറത്തു കാണിക്കാനാകില്ലെന്നും എല്ലാ രേഖകളും കൈയിലുണ്ടെ’ന്നും.

ജി.എസ്.ടി. ഉദ്യോഗസ്ഥർ ചോദ്യംചെയ്ത് വിട്ടയച്ചിട്ട് 10 ദിവസമായി. ഹാജരാക്കാമെന്ന് പറഞ്ഞ ഒരു രേഖയും ഇതുവരെ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയിട്ടില്ല. അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി കരാർ ഉണ്ടാക്കിയെന്നായിരുന്നു മറ്റൊരു ചോദ്യത്തിനുള്ള മറുപടി. അന്നത്തെ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഇതെന്നും ആന്റോ പറഞ്ഞു. കേന്ദ്ര കായികമന്ത്രാലയം ഇതുസംബന്ധിച്ച് റിസർവ് ബാങ്കിനോട് ‘ടാക്സ് ഫ്രീ’യാക്കാൻ നിർദേശം കൊടുത്തിട്ടുണ്ടെന്നും ആന്റോയുടെ മറുപടിയിലുണ്ട്.

‘ടാക്സ് ഫ്രീ’ എന്നതിൽ ജി.എസ്.ടി. ഉൾപ്പെടില്ലെന്നായിരുന്നു ഉദ്യോഗസ്ഥർ ആന്റോയോട് പറഞ്ഞത്. മെസ്സിയും ടീമും കേരളത്തിൽ വരാത്തതിനാൽ ജി.എസ്.ടി. പ്രശ്നമേ ഉദിക്കുന്നില്ലല്ലോയെന്ന് ആന്റോ വാദിച്ചു. പണം കൈമാറിയ സ്ഥിതിക്ക് ജി.എസ്.ടി. അടയ്ക്കണമെന്നും പരിപാടി റദ്ദായാൽ ആ പണം തിരികെ ഈടാക്കാമെന്നും ജി.എസ്.ടി. ഉദ്യോഗസ്ഥർ മറുപടിയും നൽകി.

ചോദ്യം അൻപതോളം; ഉത്തരം പത്തിൽ താഴെ

സംസ്ഥാന സർക്കാരുമായി ധാരണയുണ്ടെന്നും ഇതുസംബന്ധിച്ച് രണ്ട്‌ ഉത്തരവുകൾ സംസ്ഥാന സർക്കാർ ഇറക്കിയിട്ടുണ്ടെന്നും അന്നത്തെ മുഖ്യമന്ത്രിക്ക് അർജന്റീന സ്പോർട്‌സ് അസോസിയേഷനിൽനിന്ന് ഇതുസംബന്ധിച്ച വിവരം ലഭ്യമായിട്ടുണ്ടെന്നുമാണ് ആന്റോ അഗസ്റ്റിൻ പറഞ്ഞത്‌. അൻപതോളം ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഇന്റലിജൻസ് വിങ് ആന്റോ അഗസ്റ്റിന് മുന്നിലിരുന്നത്. പക്ഷേ, പത്തിൽ താഴെ ചോദ്യങ്ങൾക്കു മാത്രമേ അദ്ദേഹം ഉത്തരം നൽകിയുള്ളൂ.

Content Highlights: Kanhangad GST Intelligence questioned Reporter Broadcasting MD Anto Augustine regarding Rs 126 crore transferred to a foreign account for Lionel Messi's Kerala visit., Anto Augustine claimed the agreement was made upon the state government's request and central sports ministry instructed RBI to make it tax-free., GST officials stated that GST applies regardless of the event cancellation and refunds, and Anto failed to produce proper documents for most of the 50 questions.