പോളിടെക്‌നിക് കഞ്ചാവ് കേസ്; അഭിരാജിനെ പുറത്താക്കി, ഷാലിഖ് കെഎസ്‌യു നേതാവെന്ന് എസ്എഫ്ഐ

കളമശ്ശേരി: പോളിടെക്‌നിക് ഹോസ്റ്റല്‍ മുറിയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പരസ്പരം പഴിചാരി വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവും. കഞ്ചാവ് കേസില്‍ ശനിയാഴ്ച പോലീസ് പിടിയിലായ ഷാലിഖ് കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. ഷാലിഖ് അംഗത്വം സ്വീകരിക്കുന്ന ഫോട്ടോ എസ്എഫ്‌ഐ മുന്‍ സെക്രട്ടറി പി.എം ആര്‍ഷോ പുറത്തുവിട്ടു.
ഷാലിഖ് കെഎസ്‌യു നേതാവാണെന്ന കാര്യം മറച്ചുവെക്കുകയാണെന്നും ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല എസ്എഫ്ഐ എന്നും സഞ്ജീവ് പറഞ്ഞു. ക്യാമ്പസ്സിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നേരത്തെ തന്നെ പ്രിന്‍സിപ്പലിന് വിവരം നല്‍കിയിരുന്നുവെന്നും പോലീസ് പിടികൂടിയ അഭിരാജിന് എസ്എഫ്‌ഐ അംഗത്വമില്ലെന്നും വെള്ളിയാഴ്ച നടന്ന യൂണിറ്റ് സമ്മേളനത്തില്‍ അഭിരാജിനെ പുറത്താക്കിയതാണെന്നും സഞ്ജീവ് പറഞ്ഞു.
കളമശ്ശേരി പോളിടെക്‌നിക് വിദ്യാര്‍ഥികളിലെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ കത്ത് മുഖേന പോലീസിന് അറിയിപ്പ് നല്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാലിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് റെയ്ഡിനിടെ ഓടി രക്ഷപ്പെട്ട ഇവരെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ കൊല്ലം സ്വദേശിക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഇതരസംസ്ഥാനക്കാരനില്‍ നിന്നാണ് ആഷിഖിനും ഷാലിഖിനും കഞ്ചാവ് ലഭിച്ചത്. ഇയാള്‍ക്കുവേണ്ടിയും പോലീസ് തിരച്ചിലാരംഭിച്ചു.
Content Highlights: kalamassery polytechnic college cannabis seizure sfi ksu allegation