പൊറോട്ട കമ്പനിയില്‍ കാപ കേസ് പ്രതിയുടെ കൊപാതകം: മൃതദേഹത്തിന് സമീപം ഇരുമ്പുപാര, പിടിയിലായത് സഹായി

ജയകൃഷ്ണൻ
ജയകൃഷ്ണൻ

അരൂർ: എരമല്ലൂരിന് കിഴക്കുഭാഗത്ത് പൊറോട്ട ഉണ്ടാക്കുന്ന കമ്പനിയോട് ചേർന്ന് ഒരാൾ കൊല്ലപ്പെട്ട നിലയിൽ. ശനിയാഴ്ച രാവിലെ ഈ വിവരം പൊടുന്നനെ പരന്നപ്പോൾ ആകെ ഞെട്ടിയത് ശാന്തമായ ഒരുനാട്. പിന്നാലെ പോലീസിന്റെ സാന്നിധ്യം, പോലീസ് നായയുടെ പരിശോധന, വിരലടയാള വിദഗ്ധരുടെയടക്കം തെളിവെടുപ്പ് എന്നിവയൊക്കെ നടന്നപ്പോൾ പ്രദേശം ഇന്നുവരെ കാണാത്തതരത്തിലെ ആകാംക്ഷയിലായി. കൊല്ലപ്പെട്ടത് വിവിധ കേസുകളിൽ ഉൾപ്പെട്ട കാപ കേസ് പ്രതിയാണെന്നറിഞ്ഞപ്പോൾ വീണ്ടും ഗ്രാമവാസികൾ ഞെട്ടി. വിവരം അറിഞ്ഞവരൊക്കെ ഇവിടേക്ക് എത്തി. എന്നാൽ കനത്ത പോലീസ് ബന്തവസ്സായതോടെ എത്തിയവരെല്ലാം ആകാംക്ഷയോടെ കാത്തുനിൽക്കേണ്ടിവന്നു, മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിലാണ് മൃതദേഹംപോലും ഇവിടെനിന്ന് മാറ്റിയത്.

റെഡ്ഡി ഓടി തെളിവുകൾ ശേഖരിച്ച്

ആലപ്പുഴയിലെ പോലീസ് നായ റെഡ്ഡിയെയാണ് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചത്. മൃതശരീരം കണ്ടെത്തിയതിന് സമീപത്തുനിന്ന് കണ്ടെത്തിയ തേങ്ങപൊതിക്കുന്ന ഇരുമ്പുപാര മണത്ത നായ, പിന്നീട് ഈ കെട്ടിടത്തിൽനിന്ന് പുറത്തേക്ക് കടന്നു. പിന്നെ പലവഴികളിലായി ഏകദേശം 300 മീറ്ററോളം ഓടി. കമ്പിവളച്ച് പൂട്ടിയനിലയിൽ കണ്ട പുരയിടത്തിലാണ് നായ ഒടുക്കം നിന്നത്. ഇവിടെനിന്ന് സമീപത്തെ റോഡിലേക്ക് പോകാനുള്ള വഴിയുണ്ട്.

മറ്റു കേസുകൾമാറ്റിവെച്ച് പോലീസ്

കൊലപാതക വിവരം അറിഞ്ഞപ്പോൾ അരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എസ്. ഷിജു എറണാകുളം റെയിൽവേ സ്റ്റേഷനിലായിരുന്നു. രണ്ടു കേസുകളുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനങ്ങളിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു സംഘം. ഒഡിഷ, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലുൾപ്പെട്ട കഞ്ചാവ്, ഓൺലൈൻ തട്ടിപ്പ് അന്വേഷണമായിരുന്നു അത്. എന്നാൽ തങ്ങളുടെ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതകം അറിഞ്ഞയുടൻ ഇവർ യാത്ര റദ്ദാക്കി അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

24 മണിക്കൂറിനിടെ നാല് ഇൻക്വസ്റ്റ്

കൊലപാതകം, രണ്ട് അപകടമരണം, ഒരു തൂങ്ങിമരണം അടക്കം നാല് ഇൻക്വസ്റ്റുകളാണ് അരൂർ പോലീസ് 24 മണിക്കൂറിനിടെ ചെയ്തത്‌. വെള്ളിയാഴ്ച ഉച്ചയ്ക്ക് അരൂർ അമ്പലം ജങ്ഷനിൽ സ്വകാര്യ ബസിടിച്ച് എഴുപുന്ന സ്വദേശിനി മല്ലിക(59)യുടെ മരണമായിരുന്നു ആദ്യത്തേത്.

ശനിയാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തിൽ ചന്തിരൂർ പാലത്തിൽവച്ചാണ്‌ രാജേഷ് എന്ന ഗൃഹനാഥൻ മരിച്ചത്. നേരംപുലർന്നപ്പോൾ കൊലപാതകവും സ്റ്റേഷൻപരിധിയിൽ അതിഥിത്തൊഴിലാളി തൂങ്ങിമരിച്ചതുംകൂടി ആയപ്പോൾ 24 മണിക്കൂറിനിടെ നാല് ഇൻക്വസ്റ്റുകൾ നടത്തേണ്ടിവന്നു അരൂർ പോലീസിന്.

അരൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന അസം സ്വദേശി പ്രഭിത്ര ലഹാൻ (21) ആണ് താമസസ്ഥലത്തിന് സമീപത്തെ വിറകുപുരയിൽ തൂങ്ങിമരിച്ചത്. ഇയാളുടെ മൃതദേഹം പീന്നീട് കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി.

സ്വദേശത്തേക്ക് എംബാം ചെയ്ത് കൊണ്ടുപോകുന്നതിനായിരുന്നു ഇത്.

 ALSO READ | കോട്ടയം ജില്ലയില്‍നിന്ന് നാടുകടത്തിയ കാപ്പ കേസ് പ്രതി പൊറോട്ട കമ്പനിയില്‍ കൊല്ലപ്പെട്ട നിലയില്‍

രണ്ടുമണിക്കൂറിനകംപ്രതിയിലേക്കെത്തി പോലീസ്

അരൂർ: ആൾബലംകൊണ്ട് ശുഷ്കമായ അരൂർ പോലീസ് സ്റ്റേഷന്റെ പ്രവർത്തനപരിധി എറണാകുളം ജില്ലയോട് ചേർന്നാണ്. സ്വന്തമായി കെട്ടിടംപോലും ഇല്ലെങ്കിലും ഇവിടെ കേസുകൾക്ക് കുറവില്ല. എന്നാൽ ഇവിടെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഉൾപ്പെട്ടവരെ പിടികൂടുന്നതിൽ പേരെടുത്തവരാണ് ഉദ്യോഗസ്ഥരെല്ലാം. ശനിയാഴ്ച പുലർച്ചെ കൊലപാതകവിവരം അറിഞ്ഞപ്പോൾത്തന്നെ ഇവരെല്ലാം അലർട്ടായി. വിവിധ കേസന്വേഷണങ്ങളുടെ ഭാഗമായി ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിലേക്ക് പുറപ്പെടാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ സംഘം അവസാന നിമിഷം യാത്ര റദ്ദാക്കി. മരിച്ചയാളുടെ ഒപ്പമുണ്ടായിരുന്ന ആളെ കാണുവാനില്ല എന്ന തുമ്പിലായിരുന്നു ആദ്യപിടി. അന്വേഷിച്ചെത്തുമ്പോൾ പ്രതിയായ പ്രേംജിത്ത് വീട്ടിൽ ഉറക്കത്തിലായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും ഇത് ആരും അറിയതിരിക്കാൻ സംഘം ശ്രദ്ധിച്ചു. കാരണം ജയകൃഷ്ണന്റെ കൊലപാതകത്തിന് സാക്ഷികൾ ഇല്ലായിരുന്നു. തുടർന്നുനടത്തിയ ശാസ്ത്രീയ-സാങ്കേതിക പരിശോധനയിലും ചോദ്യം ചെയ്യലിലും പ്രതി കുറ്റം സമ്മതിച്ചു. ഇതിൽ എടുത്തുപറയേണ്ട കാര്യം കൊലപാതകം നടന്ന് രണ്ടുമണിക്കൂറിനകം പ്രതിയെ കസ്റ്റഡിയിലെടുത്തു എന്നതാണ്. എസ്.എച്ച്.ഒ. ഷിജു പി എസ്, എസ്.ഐ. ഗീതുമോൾ എസ്. എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ അനിൽകുമാർ, സാജൻ, ബൈജു, സുധീഷ് ചന്ദ്രബോസ്, വിനോദ്, ശ്രീജിത്ത്, വിജേഷ്, രതീഷ്, നിധീഷ്, ശ്യാംജിത്ത്, എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Content Highlights: KAAPA case accused found dead at a porota company