കോട്ടയം ജില്ലയില്‍നിന്ന് നാടുകടത്തിയ കാപ്പ കേസ് പ്രതി പൊറോട്ട കമ്പനിയില്‍ കൊല്ലപ്പെട്ട നിലയില്‍

#സ്വന്തം ലേഖകന്‍
ജയകൃഷ്ണൻ
ജയകൃഷ്ണൻ

അരൂര്‍: കോട്ടയം ജില്ലയില്‍നിന്ന് കാപ്പാ കേസില്‍ ഉള്‍പ്പെട്ട് നാടുകടത്തപ്പെട്ട പ്രതിയെ എരമല്ലൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ പ്ലാന്‍കുഴിയില്‍ ജയകൃഷ്ണന്‍ (26) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

എരമല്ലൂര്‍ കിഴക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന പൊറോട്ട കമ്പനിയോട് ചേര്‍ന്ന് ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ ആയിരുന്നു മൃതദേഹം. കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന സഹായി രക്ഷപെട്ടിരുന്നു. ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് തേങ്ങ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി. ഇതുകൊണ്ട് കുത്തിയും അടിച്ചുമാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

പൊറോട്ട കമ്പനിയില്‍ നിന്നും വലിയതോതില്‍ പൊറോട്ട ശേഖരിച്ച് വിവിധ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ജോലിയായിരുന്നു ജയകൃഷ്ണന്റേത്. ഇതിനായി വെള്ളിയാഴ്ച അര്‍ധരാത്രി ഇയാള്‍ തന്റെ വാഹനവുമായി എത്തി. 

വാഹനം പാര്‍ക്ക് ചെയ്തതിനുശേഷം സമീപത്തെ ജീവനക്കാരുടെ മുറിയില്‍ വിശ്രമിക്കാന്‍ പോയി. ശനിയാഴ്ച രാവിലെ പൊറോട്ട കമ്പനിയിലെ തൊഴിലാളികള്‍ ജോലിക്ക് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. അരൂര്‍ പോലീസ്‌മേല്‍ നടപടികള്‍ സ്വീകരിച്ചു. 

Content Highlights: KAAPA case accused found dead at a porota company