ബാറിൽ സംഘർഷം; കെ. സുധാകരന്റെ ‘ലഹരിവിരുദ്ധ യോഗ’ത്തിൽ പങ്കെടുത്ത കുപ്രസിദ്ധ ഗുണ്ട വധശ്രമത്തിന് പിടിയിൽ

#ന്യൂസ് ഡെസ്ക്
തൂഫാൻ വാരിയർ യോഗത്തിൽ നിന്ന്, ഷിബു | Photo: Screengrab/ Mathrubhumi News
തൂഫാൻ വാരിയർ യോഗത്തിൽ നിന്ന്, ഷിബു | Photo: Screengrab/ Mathrubhumi News

കൊച്ചി: കെപിസിസി മുൻ അധ്യക്ഷനും കോൺഗ്രസ് മുതിർന്ന നേതാവുമായ കെ. സുധാകരന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ യോഗത്തിൽ പങ്കെടുത്ത ആൾ കൊലപാതകശ്രമത്തിന് പിടിയിൽ. കഴിഞ്ഞദിവസം മട്ടാഞ്ചേരി ബാറിൽവെച്ച് മാരകായുധങ്ങളുമായി ഒരാളെ ആക്രമിച്ച കേസിലാണ് മട്ടാഞ്ചേരി ഷിബു എന്നയാൾ പിടിയിലായത്.

തൂഫാൻ വാരിയറെന്ന പേരിൽ ഗുണ്ടകൾ വിളിച്ചുചേർത്ത യോഗത്തിൽ കെ. സുധാകരൻ പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ക്രിമിനൽ കേസുകൾ പ്രതികളും ഗുണ്ടാനേതാക്കളുമടക്കം യോഗത്തിൽ ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സുധാകരന് തൊട്ടടുത്തായിത്തന്നെ ഷിബുവും ഉണ്ടായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ, ഓപ്പറേഷൻ തൂഫാന് പിന്തുണ അർപ്പിച്ച് ഒരുകൂട്ടം ആളുകൾ തങ്ങളെ വന്ന് കാണുകയായിരുന്നുവെന്നാണ് കെ. സുധാകരൻ നൽകിയ വിശദീകരണം. എന്നാൽ, ഇത്തരമൊരു യോഗം നടന്നതായി തങ്ങൾക്കറിയില്ലെന്ന് ഡി.സി.സി നേതൃത്വം വിശദീകരിച്ചിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷിബു മാരകായുധങ്ങളുമായി മട്ടാഞ്ചേരി ബാറിൽ എത്തിയ ഷെമീർ എന്നയാളുടെ തലതല്ലിപ്പൊട്ടിക്കുകയായിരുന്നു. മനഃപൂർവമായ നരഹത്യാശ്രമം ചുമത്തിയാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

Content Highlights: K Sudhakaran participated in a controversial 'Toofan Warrior' meeting., Attendee Shibu, present at the event, arrested for a brutal assault in a Mattancherry bar., The incident has sparked a major political row regarding the criminal backgrounds of attendees., DCC leadership has publicly distanced itself from the controversial meeting.