ചാരവൃത്തി കേസ്; താന്‍ നിരപരാധിയെന്ന് ജയിലില്‍ സന്ദര്‍ശിച്ച പിതാവിനോട് ജ്യോതി മല്‍ഹോത്ര

ന്യൂഡല്‍ഹി: താന്‍ നിരപരാധിയാണെന്ന് ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര. ജയിലില്‍ തന്നെ സന്ദര്‍ശിച്ച പിതാവ് ഹരിഷ് മല്‍ഹോത്രയോടാണ് ജ്യോതി താന്‍ ഈ കേസില്‍ നിരപരാധിയാണെന്ന് പറഞ്ഞത്. 14 ദിവസത്തെ പോലീസ് കസ്റ്റഡിയിലെ ആദ്യ ദിവസം ഹിസാറിലെ സെന്‍ട്രല്‍ ജയില്‍ നമ്പര്‍ 2-ല്‍ ജ്യോതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഹരിഷ് മല്‍ഹോത്ര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജ്യോതിയെ കോടതി 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനേക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കിയെന്നതാണ് ജ്യോതിക്കെതിരായ പ്രധാന ആരോപണം. പാകിസ്താന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ജീവനക്കാരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നതായും പോലീസ് സംശയിക്കുന്നു.
അതേസമയം, ജ്യോതിക്ക് തന്ത്രപ്രധാനമായ സൈനിക, പ്രതിരോധ വിവരങ്ങള്‍ ലഭ്യമായത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് എസ്പി ശശാങ്ക് കുമാര്‍ സാവന്‍ പറഞ്ഞു. കൂടാതെ, ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തികളുമായോ സംഘടനയുമായോ ബന്ധമുണ്ടെന്നതിനും തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോറന്‍സിക് വിഭാഗത്തിന്റെ അന്വേഷണത്തില്‍ ജ്യോതി കുറഞ്ഞത് നാല് പാകിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ലഭ്യമായ വിവരം. പാക് ചാരസംഘടനയിലെ അംഗങ്ങളുമായും ജ്യോതി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പോലീസ് പിടിച്ചെടുത്ത ജ്യോതി മല്‍ഹോത്രയുടെ മൊബൈല്‍ഫോണില്‍നിന്നും ലാപ്ടോപ്പില്‍നിന്നും നിരവധി സന്ദേശങ്ങളും മറ്റുവിവരങ്ങളും നീക്കംചെയ്തനിലയിലായിരുന്നു. ഏകദേശം 12 ടിബിയോളം വരുന്ന ഡേറ്റയാണ് പോലീസ് ഇതില്‍നിന്ന് വീണ്ടെടുത്തത്. ഈ വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് ബന്ധപ്പെട്ടിരുന്നത് ഐഎസ്ഐ ഏജന്റുമാരാണെന്ന കാര്യം യുവതിക്ക് നേരത്തേ ബോധ്യപ്പെട്ടിരുന്നതായി പോലീസിന് വ്യക്തമായത്.
Content Highlights: Jyoti Malhotra, arrested in an espionage case, claims innocence to her father. Police investigation