പാർട്ടിക്കായി സുഹൃത്തിനൊപ്പം പോയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു; അമിതമായി ലഹരി ഉപയോഗിച്ചെന്ന് മൊഴി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക എഐ ചിത്രം
പ്രതീകാത്മക എഐ ചിത്രം

ജോർഹട്ട്: അസമിലെ ജോർഹട്ടിൽ സുഹൃത്തുക്കൾക്കൊപ്പം രാത്രി പാർട്ടിക്കുപോയ കൗമാരക്കാരിയുടെ അസ്വാഭാവിക മരണത്തിൽ ആരോപണവുമായി കുടുംബം. പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിനിരയായെന്നും അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ മൂന്ന് യുവതികളെയും യുവാവിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.

പൊകാമുറ ന-പാമുവ ഗ്രാമത്തിൽനിന്നുള്ള പെൺകുട്ടി സുഹൃത്തിനൊപ്പം ഓഗസ്റ്റ് 15-നാണ് വീട്ടിൽനിന്നു പോയത്. പിന്നീട് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അവിടെവെച്ച് മരണപ്പെട്ടെന്നുമാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. തുടർന്ന് കുടുംബം റൗറിയ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിൽവെച്ച് നടന്ന പാർട്ടിയിൽ പെൺകുട്ടി പങ്കെടുത്തിരുന്നു. മറ്റു സുഹൃത്തുക്കളും ഇവിടെ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവസമയത്ത് ഉണ്ടായിരുന്ന മൂന്നു യുവതികളേയും യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. യുവതികളിൽ ഒരാൾ വാടകയ്ക്ക് താമസിക്കുന്നതാണ് ഈ അപ്പാർട്ട്‌മെന്റ് എന്നാണ് വിവരം. ഇവിടെ യുവതികൾ ഇടയ്ക്കിടെ ലഹരി പാർട്ടി നടത്തിവരാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. എന്നാൽ, ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പെൺകുട്ടി ലഹരി ഉപയോഗിച്ചു എന്ന കാര്യം ഒപ്പമുണ്ടായിരുന്നവർ തന്നെ സമ്മതിക്കുന്നുണ്ട്. അമിതമായി ലഹരി ഉപയോഗിച്ചിരുന്നുവെന്നും സാധാരണ നിലയിലെത്തിക്കാൻ പെൺകുട്ടിയ്ക്ക് ഉപ്പ് നൽകിയെന്നും ഒപ്പമുണ്ടായിരുന്ന യുവാവ് പറഞ്ഞു. എന്നാൽ, താൻ ലഹരി ഉപയോഗം നേരത്തെതന്നെ നിർത്തിയിരുന്നുവെന്നും യുവാവ് പറഞ്ഞു. 

'അവൾ അവളുടെ സ്വന്തം പണത്തിലാണ് ലഹരി വാങ്ങിയത്. ഞങ്ങളാരും അവളെ കൊലപ്പെടുത്തിയിട്ടില്ല. അവൾ ലഹരി ഉപയോഗിച്ച് മരിച്ചു. അതിന് ഞങ്ങൾ എന്തു വേണം' എന്നായിരുന്നു കസ്റ്റഡിയിലുള്ള യുവതികളിൽ ഒരാൾ പറഞ്ഞത്.

മരിച്ച പെൺകുട്ടിയുടെ മുഖത്ത് മുറിവുകളും ചോരപ്പാടുകളും ഉണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. ഇക്കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പാർട്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.

Content Highlights: A teenage girl died under suspicious circumstances after attending a party in Jorhat, Assam., The family alleges brutal sexual assault and demands a thorough police investigation., Police have detained three young women and a man for questioning., Neighbors reported frequent drug parties at the apartment where the incident occurred.