ഏഴുവർഷത്തെ പ്രതികാരം; പിതാവിനെ കൊലപ്പെടുത്തിയ ആളെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി മകൻ; 4 പേർ പിടിയിൽ

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ യുവാവിനെ നാലംഗസംഘം നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ജയ്പൂർ ജഗ്ദംബ നഗറിൽ വിജയ് ബാജിയ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹനീഷ് എന്ന യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റുചെയ്തു.
2019-ൽ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ഹനീഷിന്റെ പിതാവായ കൈലാഷിനെ വിജയ് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ വിജയിയെ കൊലപ്പെടുത്താൻ ഹനീഷ് മുൻപ് പലതവണ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച വിജയ്യും ഹനീഷും തമ്മിൽ വീണ്ടും തർക്കമുണ്ടായതിനു പിന്നാലെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. ഹനീഷും സുഹൃത്തുക്കളായ യുവരാജ് ചൗധരി, ദിനേശ്, കമലേഷ് എന്നിവരും ചേർന്ന് കൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു. വൈകിട്ട് മൂന്നുമണിയോടെ 'ക്യാമ്പർ' വാനിൽ വിജയിയെ പിന്തുടരാൻ തുടങ്ങിയ സംഘം നാലുമണിക്കൂറോളം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു.
വൈകിട്ട് 7.15-ഓടെ കൽവാറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിജയിയുടെ കാറിലേക്ക് പ്രതികൾ വാൻ ഇടിച്ചുകയറ്റി. ഇടിയുടെ ആഘാതത്തിൽ കാർ നിർത്തിയതോടെ വിജയ് രക്ഷപ്പെടാൻ ശ്രമിച്ചു. മഴുവുമായി പിന്നാലെയെത്തിയ ഹനീഷും സംഘവും ഇയാളെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
രാത്രി എട്ടുമണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (വെസ്റ്റ്) പ്രശാന്ത് കിരൺ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ്, നാട്ടുകാർ പകർത്തിയ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിൽനിന്ന് പ്രതികൾ സഞ്ചരിച്ച ക്യാമ്പർ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. പിന്നാലെ നാലുപേരെയും പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഹനീഷിൻ്റെ സുഹൃത്തുക്കളായ മൂന്നുപേർക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതികൾ പിന്നീട് പൊലീസിൽ കീഴടങ്ങാൻ തീരുമാനിച്ച് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായതെന്നും ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് ശിവ് കുമാർ ഭരദ്വാജിന്റെയും കർധാനി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സവായ് സിങ്ങിന്റെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Content Highlights: Vijay Bajia was murdered in Jaipur in a revenge attack for a 2019 murder., The prime accused, Haneesh, sought revenge for his father's murder by Vijay., Haneesh and his accomplices used an axe and rammed a vehicle into Vijay's car., Jaipur police arrested the suspects within hours of the crime using CCTV footage.