ജന്മദിനമാഘോഷിക്കാൻ ഇനി ഐവിനില്ല; ചേതനയറ്റ ശരീരം കണ്ടുനിൽക്കാനാകാതെ വിതുമ്പി കൂട്ടുകാർ

ഐവിൻ ജിജോ, ഐവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ
ഐവിൻ ജിജോ, ഐവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ

അങ്കമാലി: പൂക്കളിൽ പൊതിഞ്ഞ ഐവിന്റെ ചേതനയറ്റ ശരീരം കണ്ട് സഹപ്രവർത്തകരായ കൂട്ടുകാർ വിതുമ്പി. ഐവിൻ കൊല്ലപ്പെട്ടു എന്നത് ഉൾക്കൊള്ളാൻ അവർക്ക് കഴിയുന്നില്ല. കഴിഞ്ഞ ദിവസംവരെ ഒപ്പം ജോലിചെയ്ത കൂട്ടുകാരൻ നിശ്ചലനായി കിടക്കുന്ന കാഴ്ച അവർക്ക് നൊമ്പരമായി. ഐവിൻ ഈ നിലയിൽ കിടക്കുന്നത് കാണാൻ എങ്ങനെ കഴിയുമെന്ന് കൊരട്ടി സ്വദേശി ജോഷ്വാ വില്യം കണ്ണീരോടെ പറഞ്ഞു. ഐവിന്റെ 24-ാം പിറന്നാളിന് ജോഷ്വയും മറ്റു കൂട്ടുകാരും തുറവൂരിലെ ആരിശ്ശേരി വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സന്തോഷം മായുംമുൻപ് അടുത്ത പിറന്നാൾ ആഘോഷിക്കാൻ നിൽക്കാതെ ഐവിൻ യാത്രയായി. നെടുമ്പാശ്ശേരിയിലെ കാസിനോ എയർ കാറ്ററേഴ്‌സ് ആൻഡ് ഫ്ളൈറ്റ് സർവീസസിൽ ഒരുമിച്ചു ജോലി ചെയ്യുന്നവരാണ് ഇവരെല്ലാം.

ബുധനാഴ്ച രാത്രി ജോലിക്ക്‌ വരുമ്പോഴാണ് ഐവിൻ കാറിടിച്ച് കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ച ജോഷ്വയും ഐവിനും കണ്ടിരുന്നു. ബേക്കറി സെക്ഷനിൽ ജോലി ചെയ്യുന്ന ഇരുവർക്കും അന്ന് നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. അന്ന് ഒരുമിച്ച് വിശേഷങ്ങൾ പറഞ്ഞു പിരിഞ്ഞുവെന്ന് ജോഷ്വ കണ്ണീരോടെ പറയുന്നു. ജോഷ്വയ്ക്ക് ഒപ്പം കൂട്ടുകാരായ എൽവിൻ ഷാജുവും ടോബി സണ്ണിയും എത്തിയിരുന്നു. കഴിഞ്ഞ ദിവസം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയ ഐവിനെ കണ്ടിരുന്നുവെന്ന്‌ ടോബി പറഞ്ഞു. പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടമായ വേദനയിലാണ് ഈ കൂട്ടുകാർ. അവന്റെ ചേതനയറ്റ ശരീരം കണ്ടുനിൽക്കാനാകാതെ കൂട്ടുകാർ മാറി നിൽക്കുകയായിരുന്നു. ഐവിന്റെ വീട്ടുകാരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് കൂട്ടുകാർ. വീട്ടിൽ നടന്ന ശുശ്രൂഷകൾക്ക് വികാരി ഫാ. ആന്റണി പുതിയപറമ്പിൽ, ഫാ. മാർട്ടിൻ പോൾ കാളാംപറമ്പിൽ, ഫാ. ജോസഫ് കണിമറ്റം, ഫാ. ജോർജ് കുറവക്കാട്ട്, ഫാ. ജോർജ് പൈറ്റിക്കാട്ട്, ഫാ. ഫ്രെഡി മടുക്കക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി. അങ്കമാലി എൽ.എഫ്. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് വൈക്കത്ത്പറമ്പിൽ മൃതസംസ്‌കാര പ്രസംഗം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മുൻ മന്ത്രി ജോസ് തെറ്റയിൽ, റോജി എം. ജോൺ എംഎൽഎ, മുൻ എംഎൽഎ പി.ജെ. ജോയി, ബിഷപ്പ് മാർ തോമസ് ചക്യേത്ത്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, ഏരിയ സെക്രട്ടറി കെ.പി. രജീഷ്, ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, അങ്കമാലി മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി, ട്വന്റി 20 പാർട്ടി സംസ്ഥാന കോഡിനേറ്റർ അഡ്വ. ചാർളി പോൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി.

Content Highlights: ivin Jijo Murder Case; Friends recall his Birthday celebration