ഇറിഡിയം തട്ടിപ്പിൽ പരാതി കൊടുത്താൽ പണം കിട്ടില്ലെന്ന് ഭീഷണി; സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകമാകുന്നു

#വർഗീസ് സി.ജോർജ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോട്ടയം: “രണ്ടുദിവസംകൂടി, 11-ാം തീയതി അയ്യായിരം കോടി രൂപ റിസർവ്‌ ബാങ്കിൽനിന്ന് എന്റെ അക്കൗണ്ടിലേക്കെത്തും, അതിൽനിന്ന് പത്തുകോടി വീതം എല്ലാവരുടെയും അക്കൗണ്ടിലേക്ക് വിതരണം ചെയ്യും”.-ഇറിഡിയം തട്ടിപ്പിനിരയായി 1.60 കോടി നഷ്ടപ്പെട്ട പരാതിക്കാരന് കഴിഞ്ഞദിവസം മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഇടനിലക്കാരൻ നൽകിയ ‘വാക്ക്’ ആണിത്. പണം നഷ്ടപ്പെട്ട മറ്റുള്ളവരിലേക്ക് ഈ സന്ദേശമെത്തിക്കാൻ രണ്ട് സ്ത്രീകളെയും സംഘം രംഗത്തിറക്കിയിട്ടുണ്ട്.

മുണ്ടക്കയം, കരുനാഗപ്പള്ളി സ്വദേശിനികളായ സ്ത്രീകളാണ്, പണം നഷ്ടപ്പെട്ടവരെ ഫോണിലും നേരിട്ടുകണ്ടും പരാതികളിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. സ്ത്രീകളുടെ വാക്ക് വിശ്വസിച്ച്, പരാതിക്കൊരുങ്ങിയ പലരും എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുകയാണിപ്പോൾ.

നോട്ടെണ്ണൽ യന്ത്രം കൈമാറിയപ്പോഴും സമാന രീതിയിലുള്ള ഉറപ്പാണ് ഇരകൾക്ക് നൽകിയത്. പത്തുകോടി കിട്ടാൻ രണ്ടുലക്ഷം രൂപ ‘ഫണ്ട് മൂവിങ് ചാർജ്’ ആയി നൽകണമെന്നും ഇത് നൽകാത്തവർ നേരിട്ട് നാസിക്കിലുള്ള റിസർവ് ബാങ്ക് ഓഫീസിലെത്തി മൂന്നു ലക്ഷം രൂപ അടച്ച് കിട്ടാനുള്ള കോടികൾ സ്വന്തം ഉത്തരവാദിത്വത്തിൽ വാങ്ങിക്കൊള്ളണമെന്നുമായിരുന്നു അന്നത്തെ സന്ദേശം. ഇതിൽ വിശ്വസിച്ച് ഒട്ടേറെപ്പേർ തട്ടിപ്പുകാർക്ക് രണ്ട് ലക്ഷംവീതം നൽകിയിരുന്നു. ഫണ്ട് മൂവിങ് ചാർജ് നൽകിയവരിൽനിന്ന് പണം എത്തിക്കുന്നതിനുള്ള ലാൻഡ് മാർക്കും വാങ്ങി. സംഘം പറഞ്ഞദിവസം, ഈ ‘ലാൻഡ് മാർക്കി’ലെത്തി രാത്രി വൈകിയും കാത്തിരുന്നവരും ഏറെ.

പരാതി നൽകിയാൽ, ബാങ്ക് മുഖേന രേഖാമൂലം നൽകിയ പണം മാത്രമേ തിരികെ കിട്ടുകയുള്ളൂവെന്ന മുന്നറിയിപ്പും ഇരകൾക്ക് നൽകുന്നുണ്ട്. 50 ലക്ഷത്തിലേറെ നൽകിയവർപോലും രണ്ട് ലക്ഷത്തിൽ താഴെമാത്രമേ ബാങ്ക് മുഖേന നൽകിയിട്ടുള്ളൂ. തങ്ങൾ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായതിനാൽ വലിയ തുകയ്ക്കുള്ള ബാങ്കിടപാടുകൾ നടത്താനാകില്ലെന്നും പണമായി നൽകണമെന്നും കർശനമായി നിർദേശിച്ച് തുക വാങ്ങി സ്യൂട്ട് കേസിലാക്കി പോകുകയായിരുന്നു, തട്ടിപ്പ് സംഘം. ബാങ്ക് രേഖകൾ അടിസ്ഥാനമാക്കിയാൽ കോടികൾ നഷ്ടപ്പെട്ടവർക്ക് ഒരുലക്ഷംപോലും കിട്ടില്ലെന്നതിനാൽ തട്ടിപ്പുസംഘത്തിന്റെ പുതിയ ഭീഷണിയിൽ, പരാതിക്കൊരുങ്ങിയവരും ഇപ്പോൾ പണംകിട്ടുമെന്ന പ്രതീക്ഷയിൽ നിശ്ശബ്ദരാകാൻ നിർബന്ധിതരാകുന്നു.

അതിനിടെ, 50 ലക്ഷം നഷ്ടപ്പെട്ട കോട്ടയം സ്വദേശിനിയുടെ പരാതിയിൽ, പ്രതി ഹരിപ്പാട് സ്വദേശിയായ ഇടനിലക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോട്ടയം വെസ്റ്റ് പോലീസ് ജില്ലാ കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതിക്കെതിരായ മറ്റ് കേസുകളുടെ വിവരങ്ങളും ഇയാളുടെ ബാങ്ക് അക്കൗണ്ടിലെത്തിയ പണത്തിന്റെ വിവരങ്ങളും ഈ റിപ്പോർട്ടിലുണ്ട്.

Content Highlights: Scammers are using false promises of RBI fund releases to silence victims., Intermediaries are pressuring victims to withdraw police complaints., Victims are being coerced into paying additional 'fund moving charges'., Legal warning: Only bank-transferred funds have a chance of recovery via legal channels., Police have filed reports against key intermediaries in Kottayam district court.