കൂട്ടുകാർതമ്മിൽ തർക്കം, വഴക്കിനിടെ 2 പേരെ കിണറ്റിലേക്ക് തള്ളിയിട്ടു; ഒരാൾ മരിച്ചു, 2 പേർ കസ്റ്റഡിയിൽ

#ന്യൂസ് ഡെസ്ക്
മരിച്ച ജൂവൽ
മരിച്ച ജൂവൽ

ഇരവിപേരൂർ: പത്തനംതിട്ടയിൽ കൂട്ടുകാർതമ്മിലുണ്ടായ തർക്കത്തിനിടെ രണ്ടുപേരെ കിണറ്റിലേക്ക് തള്ളിയിട്ട സംഭവത്തിൽ രക്ഷപ്പെട്ടയാളെയും കരയ്ക്കുനിന്ന സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കിണറ്റിൽ വീണവരിലൊരാൾ മരിച്ചിരുന്നു. ഇരവിപേരൂർ കുളക്കാട് വീട്ടിൽ ജൂവലാണ് (34) മരിച്ചത്. ഇരവിപേരൂർ ഒ.ഇ.എം. പബ്ലിക് സ്കൂളിന് സമീപം ഞായറാഴ്ച 11-ഓടെയായിരുന്നു സംഭവം.

ജൂവലും കൂട്ടുകാരായ ജോജോ ജോണും വൈശാഖും കിണറ്റിൻകരയിൽ സംസാരിച്ചുനിൽക്കുന്നതിനിടെ തർക്കമുണ്ടാകുകയും പിടിച്ചുതള്ളുണ്ടാകുകയും ചെയ്തെന്നാണ് പോലീസിന് ലഭിച്ച പ്രാഥമികവിവരം. ജൂവലും ജോജോയും കിണറ്റിൽ വീണു. വിവരം വൈശാഖാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്.

ഇവർ എത്തിയപ്പോഴേക്കും ജോജോ കരയ്ക്ക് കയറിയിരുന്നു. ജൂവലിനെയെടുത്ത് അഗ്നിരക്ഷാസേന തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കിണറിന്റെ കെട്ടിലിരിക്കുമ്പോൾ വീണെന്നാണ് ജോജോ പറയുന്നതെങ്കിലും, സ്ഥലത്തെത്തിയ തിരുവല്ല പോലീസ് ഇത് വിശ്വസിച്ചില്ല.

തുടർന്നാണ് ജോജോയെ കസ്റ്റഡിയിലെടുത്തത്. സ്ഥലത്തുനിന്നു മുങ്ങിയ വൈശാഖിനെയും പിന്നീട് പിടികൂടിയതായാണ് വിവരം. മൃതദേഹം പോസ്റ്റുേമാർട്ടം ചെയ്തശേഷമേ മരണം സംബന്ധിച്ച് വ്യക്തത വരുത്താനാകൂ എന്ന് പോലീസ് അറിയിച്ചു. ജൂവലിന്റെ അച്ഛൻ ജോൺ വർഗീസ്. അമ്മ: ലിസി.

Content Highlights: A 34-year-old man named Juval died after being pushed into a well during a dispute with friends. The incident occurred near the OEM Public School in Iraviperoor on Sunday around 11 AM. Two individuals, including the friend who escaped from the well and another who stood nearby, are in police custody. Police are awaiting the post-mortem report to determine the exact cause and circumstances of the death.