കൂട്ടുകാരെ കിണറ്റിൽ തള്ളിയിട്ട് വൈശാഖ് മുങ്ങി; രക്ഷിക്കാൻ വന്നവരോട് ജൂവലിന്റെ കാര്യം മിണ്ടാതെ ജോജു

#ന്യൂസ് ഡെസ്ക്
മരിച്ച ജൂവൽ | റിമാൻഡിലായ ജോജു, വൈശാഖ്
മരിച്ച ജൂവൽ | റിമാൻഡിലായ ജോജു, വൈശാഖ്

ഇരവിപേരൂർ: യുവാവിനെ കിണറ്റിൽ തള്ളിയിട്ടുകൊന്ന കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും പോലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ഇരവിപേരൂർ കുളക്കാട് താഴെക്കാലായിൽ വീട്ടിൽ ജൂവൽ (34) മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ഇരവിപേരൂർ ചിറയിൽ വീട്ടിൽ ജോജു (34), ചിറയിൽപടി കുടകുമലയിൽ വൈശാഖ് (29) എന്നിവരെയാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

തിരുവല്ല പോലീസ് പറയുന്നത് ഇങ്ങനെ: സുഹൃത്തുക്കളായ മൂന്നുപേരും ജോജുവിന്റെ വീട്ടുമുറ്റത്ത് ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പിടിവലിയും അടിപിടിയും ഉണ്ടായി. ഇതിനിടെ വൈശാഖ്, ജോജുവിനെയും ജൂവലിനെയും കിണറ്റിലേക്ക് തള്ളിയിട്ടു. ഇയാൾ ഓട്ടോറിക്ഷയിൽ അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു.

നാട്ടുകാരും പിന്നാലെ അഗ്നിരക്ഷാസേനയയും എത്തുമ്പോഴേക്കും ജോജു കിണറ്റിൽനിന്ന് കയറിവന്നു. എന്നാൽ വെള്ളത്തിൽ വീണുകിടന്ന ജൂവലിന്റെ കാര്യം ഇയാൾ മിണ്ടിയില്ല. രക്ഷപ്പെടുത്താൻ ശ്രമിക്കാതെ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

പിന്നീട് അഗ്നിരക്ഷാസേനയിറങ്ങിയാണ് ജൂവലിനെ കരയ്ക്കെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. സ്ഥലത്തുനിന്ന്‌ രക്ഷപ്പെട്ട വൈശാഖ് ബാബുവിനെയും ജോജുവിനെയും പോലീസ് ഉച്ചകഴിഞ്ഞപ്പോൾതന്നെ കസ്റ്റഡിയിലെടുത്തു.

തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ കെ.എസ് ഗോപകുമാർ, സബ് ഇൻസ്പെക്ടർ റിയാസ് റഹീം, എ.എസ്.െഎ. ജയകുമാർ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ദീപു, പുഷ്പദാസ്, സി.പി.ഒ മാരായ വിമൽ, സുദീപ് എന്നിവരടങ്ങിയ സംഘമാണ് രണ്ടുപേരെയും പിടികൂടിയത്.

Content Highlights: Jewel (34) died after being pushed into a well by friends. Accused Joju and Vaisakh arrested and remanded by Thiruvalla court. Joju concealed Jewel's presence in the well from rescuers. Police acted swiftly to take the suspects into custody.