6 മാസത്തിനിടെ രാജ്യത്ത് നിക്ഷേപ തട്ടിപ്പിനിരയായത് 30,000ലധികം പേര്‍, നഷ്ടം 1,500 കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് മാസത്തിനിടെ പ്രധാന നഗരങ്ങളിലായി 30,000-ത്തിലധികം ആളുകൾ നിക്ഷേപ തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് ഇത്രയധികം പേർ തട്ടിപ്പിന് ഇരയായത്. ഇതിലൂടെ 1,500 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും 30-നും 60-നും ഇടയിൽ പ്രായമുള്ളവരാണ്. കേസുകളിൽ ഏകദേശം 65 ശതമാനം ബെംഗളൂരു, ഡൽഹി-എൻസിആർ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ റിപ്പോർട്ട് പ്രകാരം, ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം സംഭവിച്ച നഗരം ബെംഗളൂരുവാണ്. മൊത്തം നഷ്ടത്തിന്റെ നാലിലൊന്നിലധികം (26.38 ശതമാനം) ഇവിടെയാണ്. ഭൂരിഭാഗം പേരും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ്. 30-നും 60-നും ഇടയിൽ പ്രായമുള്ളവർ തട്ടിപ്പിനിരയായവരിൽ 76 ശതമാനത്തിലധികമാണ്. മികച്ച വരുമാനം നേടുന്ന പ്രായത്തിലുള്ളവരുടെ സാമ്പത്തിക താൽപര്യങ്ങൾ തട്ടിപ്പുകാർ മുതലെടുക്കുന്ന പ്രവണതയെയാണ് ഇത് സൂചിപ്പിക്കുന്നത്.
മുതിർന്ന പൗരരേയും തട്ടിപ്പുകാർ കൂടുതലായി ലക്ഷ്യം വെക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 60 വയസ്സിനു മുകളിലുള്ള 8.62 ശതമാനം പേർ, അതായത് ഏകദേശം 2,829 പേർ തട്ടിപ്പിനിരയായി. റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പുകൾ ചെറിയ സംഭവങ്ങളല്ല, മറിച്ച് വലിയ തുകകൾ ഉൾപ്പെട്ടവയാണ്. തട്ടിപ്പിനിരയായവർക്ക് ശരാശരി 51.38 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഡൽഹിയിലാണ് ഏറ്റവും ഉയർന്ന ആളോഹരി നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. അവിടെ തട്ടിപ്പിനിരയായവർക്ക് ശരാശരി 8 ലക്ഷം രൂപ വീതം നഷ്ടമായി.
സൈബർ കുറ്റവാളികൾ തട്ടിപ്പുകൾ നടത്താൻ വിവിധ ഡിജിറ്റൽ മാർഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിൽ മെസേജിങ് ആപ്പുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രധാന പങ്ക് വഹിക്കുന്നു. ടെലഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ മെസേജിങ് ആപ്പുകൾ വഴിയാണ് ഏകദേശം 20 ശതമാനം കേസുകളും നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പ്ലാറ്റ്‌ഫോമുകളുടെ എൻക്രിപ്റ്റഡ് സ്വഭാവവും എളുപ്പത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കാനുള്ള സൗകര്യവും തട്ടിപ്പുകാർക്ക് സൗകര്യപ്രദമാകുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ലിങ്ക്ഡ്ഇൻ, ട്വിറ്റർ പോലുള്ള ഔദ്യോഗിക പ്രൊഫഷണൽ നെറ്റ്‌വർക്കുകൾ തട്ടിപ്പിനായി വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും ഇവയിലൂടെയുള്ള തട്ടിപ്പുകൾ 0.31 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തൽ, തട്ടിപ്പ് പ്ലാറ്റ്‌ഫോമുകളുടെ ഏറ്റവും വലിയ വിഭാഗം "മറ്റുള്ളവ" എന്ന് ലേബൽ ചെയ്തിരിക്കുന്നു എന്നതാണ്. ഇത് മൊത്തം കേസുകളുടെ 41.87 ശതമാനം വരും. വ്യക്തമായി തിരിച്ചറിയാത്ത വിവിധതരത്തിലുള്ള പ്ലാറ്റ്‌ഫോമുകളിളിലൂടെ തട്ടിപ്പുകൾ നടക്കുന്നു എന്നാണ് ഇത് വ്യക്തമക്കുന്നത്.
Content Highlights: Over 30,000 people lost over Rs 1500 Cr to investment scams in major Indian cities in 6 months. Adults aged 30-60 are primary victims. Bengaluru, Delhi-NCR, Hyderabad most affected.