ഒന്ന് വെച്ചാ രണ്ട്, രണ്ട് വെച്ചാ നാല്; മന്ത്രിമാരുടെ എ.ഐ വീഡിയോകൾ കാണിച്ച് നിക്ഷേപത്തട്ടിപ്പ്

കൊച്ചി: ഒന്ന് വെച്ചാ രണ്ട് കിട്ടുമെന്ന് കേൾക്കുമ്പോൾ സാധാരണ എന്താണ് തോന്നുക. ഇൻവെസ്റ്റ്‌മെന്റ് ഫ്രോഡുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലത്ത് തട്ടിപ്പായിരിക്കുമെന്ന് തീർച്ചയായും തോന്നും. എന്നാൽ, പറയുന്നത് രാജ്യത്തിന്റെ ധനകാര്യമന്ത്രി തന്നെയാണെങ്കിലോ? ഒന്ന് സംശയിക്കുമല്ലെ? സംശയിച്ചാൽ കുറ്റം പറയാനുമാവില്ല, സോഷ്യൽ മീഡിയയിൽ കുറച്ച് കാലമായി ഇത് തുടങ്ങിയിട്ടെങ്കിലും ഇപ്പോൾ തട്ടിപ്പ് കൂടിയിരിക്കുകയാണ്. വാഗ്ദാനം കേട്ട് കാശ് വെച്ച പലരും നഷ്ടക്കയത്തിലായി. തട്ടിപ്പിന്റെ രീതി പറയാം.
രാജ്യത്തെ യുവാക്കൾ പലരും ഇതിനകം സ്വന്തം ജോലി രാജിവെച്ചു. എന്തിനാണെന്നല്ലെ. അവർക്ക് പുതിയൊരു നിക്ഷേപ പദ്ധതി ലഭിച്ചു. ഇതിനെ കേന്ദ്രസർക്കാർ പൂർണമായും പിന്തുണയ്ക്കുന്നു എന്നൊക്കെ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊക്കെ പറയുന്ന വീഡിയോയാണ് വ്യത്യസ്ത ഫേസ്ബുക്ക് ഹാൻഡിലുകളിൽ പ്രചരിക്കുന്നത്. 21,000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 17,00,000 രൂപ വരെ സമ്പാദിക്കാമെന്നാണ് വാഗ്ദാനം. എഐ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന വീഡിയോയാണിത്.
ഇത്തരമൊരു വീഡിയോ കണ്ടപ്പോൾ ഇവരുടെ പ്രവർത്തനരീതി മനസിലാക്കാൻ ഫോൺ നമ്പറും മെയിൽ ഐഡിയും അവരുടെ ലിങ്കിൽ നൽകി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും ബംഗളൂരുവിൽനിന്ന് എന്നവകാശപ്പെടുന്ന ഒരു കോൾ എത്തി. നല്ല ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ലിങ്ക് ഒറിജിനലാണോ എന്നറിയാൻ രജിസ്റ്റർ ചെയ്തതാണെന്ന് പറഞ്ഞപ്പോൾ, വളരെ വിശ്വസ്തമായ രീതിയിൽ അവരുടെ നിക്ഷേപ പദ്ധതിയെക്കുറിച്ച് പറയാൻ തുടങ്ങി.
അവരുടെ ആപ്പുണ്ടെന്നും പ്ലേസ്റ്റോറിൽ ലഭ്യമാണെന്നും പറഞ്ഞു. ആപ്പിൾ ആപ്പ് സ്റ്റോറിലുണ്ടോയെന്ന് ചോദിച്ചപ്പോൾ കോൾ സ്പീക്കറിൽ ഇട്ടിട്ട് സഫാരി ബ്രൗസർ എടുക്കാനാണ് അപേക്ഷ. അപ്പോൾ ഡക്ക്ഡക്ക്‌ഗോ മതിയാവുമോ എന്നായി ഞാൻ. പറ്റില്ല, സഫാരിയാണ് കൂടുതൽ സൗകര്യമെന്നായി പുള്ളി. സംശയിക്കാത്ത രീതിയിൽ സഫാരിയെടുത്തു. എം ഡോട്ട് എന്ന് തുടങ്ങുന്ന ഒരു അഡ്രസ് പറഞ്ഞപ്പോൾ അത് ടൈപ്പ് ചെയ്തു. അപ്പോൾ അവരുടെ കമ്പനിയുടെ വെബ്‌സൈറ്റ് പൊന്തി വന്നു.
അതിൽ കയറി ലോഗ് ഇൻ ചെയ്യാനാണ് പിന്നീടുള്ള നിർബന്ധിക്കൽ. ലോഗ് ഇൻ പിന്നെ ചെയ്യാമെന്ന് പറഞ്ഞപ്പോൾ കുഴപ്പമില്ലെന്നായി കക്ഷി. ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹവും ഒരു മലയാളിയാണെന്ന് പറഞ്ഞ് പിന്നീടുള്ള സംസാരം മലയാളത്തിലേക്ക് മാറ്റി.
അവരുടെ ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം കേവലം സ്‌റ്റോക്ക് മാർക്കറ്റ് മാത്രമല്ലെന്നും വിവിധ മേഖലകളിൽ കമോഡിറ്റീസ്, ഗോൾഡ്, ക്രൂഡ് ഓയിൽ എന്നിവയിലൊക്കെ നിക്ഷേപിക്കാമെന്നാണ് തട്ടിവിടുന്നത്. എന്തായാലും എനിക്ക് സ്റ്റോക്കിൽ നിക്ഷേപിക്കാൻ പദ്ധതിയുണ്ടെന്നും താങ്കളൊരു മലയാളിയാണെന്നതും ഇത്രയും നേരം സംസാരിച്ച അടുപ്പവും പരിഗണിച്ച് താങ്കളുടെ വാട്ട്‌സ് ആപ്പ് നമ്പർ തന്നുകൂടെ എന്നായി ഞാൻ. അത് ആലോചിച്ചേ ചെയ്യാൻ പറ്റൂവെന്നും എന്തായാലും മെയിലിലേക്ക് ഒരു ലിങ്ക് അയക്കാമെന്നും പറഞ്ഞ് സംസാരം അവസാനിപ്പിച്ചു. കണ്ണൂർ സ്വദേശിയാണെന്നാണ് വിളിച്ച ആൾ അവകാശപ്പെട്ടത്.
തട്ടിപ്പിന്റെ രീതി മനസിലാക്കിയതോടെ വിവരം ഷെയർ ചെയ്യാൻ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിലെ ഒരു സുഹൃത്തിനെ വിളിച്ചു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഒരുപാട് പേർക്ക് ഇതിലൂടെ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. 2025 ജനുവരി മുതൽ ജൂൺ 30 വരെ 2,855 കേസുകളാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടേതായിട്ടുള്ളതെന്ന് സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിൽനിന്ന് അറിയാൻ കഴിഞ്ഞു. തട്ടിപ്പുകാർ ഇക്കാലയളവിൽ അടിച്ചെടുത്തത് 194 കോടി രൂപയാണ്. മലപ്പുറം, എറണാകുളം സിറ്റി, എറണാകുളം റൂറൽ, പാലക്കാട് എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിവിധ വെബ്‌സൈറ്റുകളിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. നമ്മുടെ നമ്പർ ലഭിച്ചു കഴിഞ്ഞാൽ വളിക്കുന്നയാൾ മനോഹരമായും വിശ്വസ്തവുമായ രീതിയിലാണ് സംസാരിക്കുക. ആദ്യം മനസിലാക്കേണ്ടത് കേന്ദ്ര മന്ത്രിമാരും ജേണലിസ്റ്റുകളും ഒരു ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയെ ഇതുപോലെ സപ്പോർട്ട് ചെയ്ത് മുന്നോട്ടുവരില്ല എന്നതാണ്. ഏതെങ്കിലുമൊരു നിക്ഷേപ ബ്രോക്കിങ് സ്ഥാപനത്തിന് വേണ്ടി പ്രസ് റിലീസ് നൽകുകയോ അവരുടെ മാർക്കറ്റിങ് ഏജന്റായി പ്രവർത്തിക്കുകയോ അല്ല അവരുടെ ജോലി.
ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇത്തരെ പണമിടപാട് സ്ഥാപനങ്ങളെന്ന് വിശേഷിപ്പിക്കുന്നവർ അയച്ചു തരുന്ന ലിങ്കുകളൊന്നും ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്ന പ്രാഥമിക പാഠമാണ്. ഇത് ഫിഷിങ് ലിങ്കുകളാണെങ്കിൽ നിങ്ങളുടെ മൊബൈലിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യിലാവാനും ബാങ്ക് അക്കൗണ്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങൾ ചോരാനുമുള്ള സാധ്യതയും വളരെയധികമാണ്. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് സൈബർ ക്രൈം ഡിപ്പാർട്ടമെന്റിന്റെ ടോൾഫ്രീ നമ്പറായ 1930-ൽ അറിയിക്കുക.
Content Highlights: investment fraud using ai video, people lost money to cyber fraud