ഓൺലൈൻ ക്ലാസിനിടെ അശ്ലീലം: എം.എസ്. സൊലൂഷൻസിനെതിരേ അന്വേഷണം തുടങ്ങി

താമരശ്ശേരി: പത്താംക്ലാസ്, പ്ലസ്‌വൺ ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന സംഭവത്തിൽ ആരോപണം നേരിടുന്ന എം.എസ്. സൊലൂഷൻസിനെതിരേ മറ്റൊരു പരാതിയിൽക്കൂടി അന്വേഷണവുമായി പോലീസ്.ക്ലാസിനിടെ അശ്ലീലപരാമർശം നടത്തിയെന്ന പരാതിയിലാണ് കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
എം.എസ്. സൊലൂഷൻസിന്റെ ക്ലാസിനിടെ അശ്ലീലച്ചുവയുള്ള പരാമർശങ്ങൾ നടത്തുന്ന വീഡിയോ ലിങ്കുകൾ സഹിതം എ.ഐ.വൈ.എഫ്. കൊടുവള്ളി മണ്ഡലം കമ്മിറ്റി സമർപ്പിച്ച പരാതിയിലാണ് പോലീസിന്റെ തുടർനടപടി.
വീഡിയോകൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന തരത്തിലുമാണെന്നാണ് ആരോപണം.പ്രാഥമികാന്വേഷണത്തിൽ വീഡിയോകളിൽ പലതും നീക്കംചെയ്തതായി കണ്ടെത്തി. ഇവ വീണ്ടെടുക്കുന്നതിനായി സാമൂഹികമാധ്യമ അധികൃതരോട് പോലീസ് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. മെറ്റ പ്ലാറ്റ്‌ഫോമിനെയാണ് സമീപിച്ചത്.
യുട്യൂബ് ചാനലിൽ, സി.ഇ.ഒ. ആയ ഷുഹൈബ് ക്ലാസിനിടെ ദ്വയാർഥപ്രയോഗം നടത്തുന്നതും മറ്റുമായ വീഡിയോകൾ നേരത്തേ പ്രചരിച്ചിരുന്നു. സാമൂഹികമാധ്യമത്തിൽ പ്രചാരംകൂട്ടി പണം സമ്പാദിക്കുകയും സ്കൂൾ വിദ്യാർഥികളെ തെറ്റായ രീതിയിൽ ചൂഷണംചെയ്യുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു.
Content Highlights: Investigation started against MS Solutions