ഗ്രീഷ്മ എതിർത്തിട്ടും ഷാരോൺ ദൃശ്യങ്ങൾ പകർത്തി, ആ വീഡിയോ ദൈവത്തിന്റെ കയ്യൊപ്പായി

ഡിവൈ.എസ്.പി എം.കെ. സുൾഫിക്കർ,  പ്രതി ​ഗ്രീഷ്മ
ഡിവൈ.എസ്.പി എം.കെ. സുൾഫിക്കർ, പ്രതി ​ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോൺരാജ് വധക്കേസിൽ ശിക്ഷവിധി പുറത്തുവന്നതിനു പിന്നാലെ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ച് അന്വേഷണ ഉദ്യോ​ഗസ്ഥനായ ഡിവൈ.എസ്.പി എം.കെ. സുൾഫിക്കർ. ഏതൊരു കുറ്റകൃത്യത്തിലും ശിക്ഷിക്കാൻ ഉതകുന്ന തരത്തിലുള്ള തെളിവ് ദൈവം അവശേഷിപ്പിച്ചിട്ടുണ്ടാകും. ജ്യൂസ് ചലഞ്ച് നടത്തിയ വേളയിൽ, ഇത് വീഡിയോ റെക്കോർഡ് ചെയ്യരുതെന്ന് ​ഗ്രീഷ്മ പറഞ്ഞിട്ടും ഷാരോൺ ദൃശ്യങ്ങൾ പകർത്തിയതാണ് ഈ കേസിൽ ദൈവത്തിന്റെ കൈയ്യൊപ്പായി പോലീസ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒരുവര്‍ഷത്തോളം പ്രണയിച്ച് ഒടുവില്‍ ഗ്രീഷ്മയ്ക്ക് ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ള മറ്റൊരു യുവാവിന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍  പലപ്പോഴായി നടത്തിയ ശ്രമമാണ് 2022 ഒക്ടോബര്‍ 14 ന് കഷായത്തില്‍ വിഷം നല്‍കിക്കൊണ്ട് ഗ്രീഷ്മ സാധിച്ചത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ ജ്യൂസിലടക്കം വിഷംകലര്‍ത്തി ജ്യൂസ് ചാലഞ്ച് നടത്തിയും ആദ്യഭര്‍ത്താവ് മരിക്കുമെന്ന അന്ധവിശ്വാസം പറഞ്ഞുമെല്ലാം ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഇതെല്ലാം പരാജയപ്പെട്ടെങ്കിലും ഒടുവിൽ കഷായത്തിൽ വിഷംകലർത്തി നൽകി നടത്തിയ ശ്രമത്തിൽ ഷാരോൺ കൊല്ലപ്പെടുകയായിരുന്നു.

പുതിയ വിവാഹ ആലോചന ആലോചന ഗ്രീഷ്മയ്ക്ക് വന്നതോടെയാണ് പ്രണയത്തിലായിരുന്ന ഷാരോണും ഗ്രീഷ്മയും തെറ്റുന്നത്. പലകാരണങ്ങള്‍ പറഞ്ഞ് ഷാരോണിനെ ഒഴിവാക്കാന്‍ നോക്കി. തന്റെ ആദ്യഭര്‍ത്താവ് മരിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞെന്നും അതുകൊണ്ട് നമുക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടെന്നുവരെ  വിവാഹാലോചന വന്നസമയത്ത് ഗ്രീഷ്മ പറഞ്ഞുനോക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വിശ്വസിക്കാതിരുന്ന ഷാരോണ്‍ ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന അറ്റകൈയിലേക്ക് ഗ്രീഷ്മയെത്തിയത്.

ആദ്യഭര്‍ത്താവ് മരിക്കുമെന്ന തന്റെ ജാതക ദോഷംമാറുന്നതിന് ഷാരോണിനെ രഹസ്യമായി വിവാഹം ചെയ്ത് ഗ്രീഷ്മ കൊലപ്പെടുത്തിയതാണെന്ന് കുടുംബം പോലീസിന് മൊഴിനല്‍കിയെങ്കിലും ഇക്കാര്യം പോലീസ് വിശ്വസിച്ചില്ല. പകരം മറ്റൊരു വിവാഹം കഴിക്കാനും കാമുകനെ ഒഴിവാക്കാനും ഗ്രീഷ്മ നടത്തിയ ശ്രമം എന്ന നിലയിലേക്കാണ് പോലീസെത്തിയത്. 

Content Highlights: Investigating officer responding Sharon Raj murder case verdict