നജീബിന്റെ ഇരകളിൽ തമിഴ്‌നാട്ടുകാരും, അവയക്കച്ചവടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

#മാതൃഭൂമി ന്യൂസ്
അറസ്റ്റിലായ നജീബിനെ ചോദ്യം ചെയ്യാനായി എത്തിച്ചപ്പോള്‍
അറസ്റ്റിലായ നജീബിനെ ചോദ്യം ചെയ്യാനായി എത്തിച്ചപ്പോള്‍

കൊച്ചി: വ്യാജരേഖകൾ ചമച്ചുള്ള അന്തർസംസ്ഥാന അവയവക്കച്ചവട റാക്കറ്റിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി നജീബിനെ ചോദ്യം ചെയ്തതിൽ നിന്നും കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഇയാൾ അവയവക്കച്ചവടവും തട്ടിപ്പുകളും നടത്തിയതായി പോലീസിന് സൂചന ലഭിച്ചു. ഗാസിയാബാദിൽ നിന്ന് പിടിയിലായ നജീബിനെ കേരളത്തിലെത്തിച്ച് പ്രാഥമികമായി ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടിലെ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. തമിഴ്നാട്ടിലും ഇയാൾ അവയവദാതാക്കളെ കണ്ടെത്തിയിരുന്നതായും ഇതിനായി വിപുലമായ ഏജന്റ് ശൃംഖലയെ ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

രാജ്യത്ത് നിരോധിക്കപ്പെട്ട അവയവക്കച്ചവടം നടത്തുന്നതിനായി പ്രതികൾ വൻതോതിൽ വ്യാജരേഖകൾ ചമച്ചിരുന്നു. എംപിമാർ, എംഎൽഎമാർ, റവന്യൂ ഉദ്യോഗസ്ഥർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ലെറ്റർപാഡുകളും സീലുകളും ഒപ്പും വരെ ഇവർ വ്യാജമായി നിർമ്മിച്ചിട്ടുണ്ട്. അവയവം കൈമാറുന്നയാളും സ്വീകരിക്കുന്ന ആളും അടുത്ത ബന്ധുക്കളാണെന്ന് വരുത്തിത്തീർക്കാനാണ് ഇത്തരം രേഖകൾ ഉപയോഗിച്ചിരുന്നത്. പ്രതിയിൽ നിന്ന് കരൾ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും എറണാകുളത്തെ ചില ആശുപത്രികളുടെ ലെറ്റർപാഡുകളും സീലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഈ രേഖകളിലെ സാങ്കേതിക വശങ്ങൾ പരിശോധിക്കുന്നതിനും അന്വേഷണസംഘത്തെ സഹായിക്കുന്നതിനുമായി ഒരു മെഡിക്കൽ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തുന്ന കാര്യം പോലീസ് ആലോചിക്കുന്നുണ്ട്. കൂടാതെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനും (ഡിഎംഇ) വിഷയത്തിൽ പ്രത്യേക അന്വേഷണം നടത്തിയേക്കും.

കാസർകോട് സ്വദേശിയായ നജീബിന് കൊലക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു. കർണാടകയിൽ ഇയാൾക്കെതിരെ ഒരു കൊലക്കേസ് നിലവിലുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കാക്കനാടിനടുത്ത് പള്ളിക്കരയിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്

.ഈ അവയവക്കച്ചവട റാക്കറ്റിൽ ഏതെങ്കിലും ആശുപത്രികൾക്കോ ഡോക്ടർമാർക്കോ പങ്കുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്. റാക്കറ്റിലെ മറ്റ് ഏജന്റുമാരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും അന്വേഷണസംഘത്തിന് ലഭ്യമായിട്ടുണ്ടെന്നാണ് വിവരങ്ങൾ.

Content Highlights: Interstate organ trafficking racket busted by Kerala police., Main accused Najeeb used forged documents of high-ranking officials., Operations spanned across Kerala, Tamil Nadu, and Karnataka., Police investigating potential hospital and doctor complicity., Medical expert team to assist in the ongoing investigation.