വിമാനത്തിൽ കേരളത്തിലെത്തും, ബൈക്കിൽ ചുറ്റിക്കറങ്ങി മോഷണം, പ്രധാന ലക്ഷ്യം ചെമ്പ്; കൊച്ചിയിൽ അഞ്ചുപേർ പിടിയിൽ

#ന്യൂസ് ഡെസ്ക്

കൊച്ചി: വിമാനത്തിലെത്തി ബൈക്കിൽ ചുറ്റിക്കറങ്ങി മോഷണം നടത്തുന്ന സംഘം കൊച്ചിയിൽ പിടിയിൽ. തൃശൂരിലെ മോഷണക്കേസുമായി ബന്ധപ്പെട്ട തൃശൂർ-കൊച്ചി പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മോഷ്ടാക്കൾ കളമശ്ശേരിയിൽ നിന്ന് പിടിയിലായത്. ഇവർ അന്തഃസംസ്ഥാന മോഷ്ടാക്കളാണെന്ന് പോലീസ് പറഞ്ഞു. മോഷണത്തിന് ഉപയോഗിക്കുന്ന ബൈക്കുകൾ ട്രെയിൻ മാർഗം എത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. കണ്ണൂരിൽ അഞ്ചുപേർ കൂടി പിടിയിലായിട്ടുണ്ടെന്നും അവർക്ക് തൃശൂരിലെ കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.

തൃശൂരിൽ ബിഎസ്എൻഎല്ലിന്റെ ജങ്ഷൻ ബോക്‌സിൽ കവർച്ച നടത്താൻ ശ്രമിച്ചതിനെ തുടർന്ന് ഒരാൾ പിടിയിലായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ റിഹാൻ എന്ന ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഉത്തർപ്രദേശിൽ നിന്ന് നിരവധി പേർ കേരളത്തിലേക്ക് മോഷണം ലക്ഷ്യമിട്ട് എത്തിയിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കളമശ്ശേരിയിൽ നിന്ന് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നും അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കും മോഷണസംഘവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

കൂട്ടത്തോടെ വിമാനത്തിൽ കേരളത്തിലേക്ക് എത്തുന്നതായിരുന്നു ഇവരുടെ രീതി. മോഷണം നടത്തുന്നത് ബൈക്കിൽ സഞ്ചരിച്ചാണ്. ട്രെയിൻ മാർഗമാണ് ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലേക്ക് ബൈക്ക് എത്തിച്ചിരുന്നത്. നിർമാണം നടക്കുന്ന വീടുകൾ, കോപ്പർ സ്ട്രിപ്പുകളുള്ള നറേറ്ററുകൾ, ടെലിഫോൺ എക്‌സ്‌ചേഞ്ച് ബൂത്തുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മോഷണം നടത്തിയിരുന്നത്. ചെമ്പായിരുന്നു പ്രധാനലക്ഷ്യം. എന്തിനാണ് ഇത്രയുമധികം ചെമ്പ് കടത്തുന്നതടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരിൽ നിന്ന് കോപ്പർ കട്ടറുകൾ, വിവിധ തരത്തിലുള്ള താക്കോലുകൾ, ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

തൊഴിലാളികളെന്ന വ്യാജേനെയാണ് ഇവർ മോഷണത്തിനെത്തിയിരുന്നത്. ഇതിൽ സംശയം തോന്നിയതിനെ തുടർന്ന് വിവരം അറിയിച്ചതുപ്രകാരമാണ് തൃശൂരിൽ നിന്ന് റിഹാൻ എന്നയാളെ പോലീസ് പിടികൂടിയത്.

Content Highlights: Interstate theft gang arrested in a joint police operation in Kalamassery, Kochi., Modus operandi involved arriving by flight and bringing bikes via train from Uttar Pradesh., Targeted under-construction houses, telephone exchanges, and copper materials., Total arrests include suspects from Thrissur, Kalamassery, and Kannur.