രക്തസാക്ഷികളാകുന്നത് നിരപരാധികൾ; കണ്ണൂരിൽ തുടരുന്ന ബോംബിന്റെ ചോരക്കളി

കണ്ണൂർ: ആരെയോ ലക്ഷ്യമിട്ട് ആരോ നിർമിച്ച ബോംബിന് നിരപരാധികൾ ഇരയാകുന്ന ക്രൂരത കണ്ണൂരിന്റെ മണ്ണിൽ ആവർത്തിക്കുന്നു. രാഷ്ട്രീയ അക്രമങ്ങളും സംഘർഷങ്ങളും വലിയ തോതിൽ കുറയുമ്പോഴും ഈ മണ്ണിൽ ഇപ്പോഴും ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് എരഞ്ഞോളി കുടക്കളത്തെ 85-കാരൻ വേലായുധൻ.
2023 ജൂലായ് ആറിന് മട്ടന്നൂരിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശികളായ അച്ഛനും മകനും മരിച്ച് ഒരുവർഷം തികയും മുൻപാണ് തലശ്ശേരിയിൽ ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായത്. മട്ടന്നൂർ കാശിമുക്കിൽ ആക്രിപെറുക്കുന്നതിനിടെയാണ് ഫസൽ ഹഖ് (54), ഷഹിദുൾ (25) എന്നിവർ മരിച്ചത്. 2023 ഡിസംബർ 24-ന് തലശ്ശേരി പാട്യത്ത് ആക്രിസാധനങ്ങൾക്കിടയിൽനിന്ന് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശിക്കും രണ്ട് മക്കൾക്കും പരിക്കേറ്റിരുന്നു. ദുബ്രി ജില്ലയിലെ സെയ്ദലി (45), മക്കളായ നൂറുദ്ദീൻ (10), അബ്ദുൾ മുത്തലിബ് (എട്ട്) എന്നിവർക്കാണ് അന്ന് പരിക്കേറ്റത്.
ചിതറിയ കൈപ്പത്തിയുമായാണ് തിരിച്ചുകിട്ടിയ ജീവനും കൊണ്ട് സെയ്ദലി അസമിലേക്ക് രക്ഷപ്പെട്ടത്.
കുട്ടികളടക്കം പലർക്കും ഇത്തരം സ്‌ഫോടനങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. മൃഗങ്ങളും ബോംബിന് ഇരയായിട്ടുണ്ട്. എന്നാൽ, ഇത്തരം കേസുകളിൽ ഒന്നിൽ പോലും ബോംബ് നിർമിച്ചവരെയോ ഒളിപ്പിച്ചവരെയോ നിയമത്തിന് മുന്നിൽ കൊണ്ടുവരാനായിട്ടില്ല.
ഞെട്ടിവിറച്ച് കുടക്കളം
രാഷ്ട്രീയപ്രതിയോഗികളെ വകവരുത്താനോ മറ്റോ സൂക്ഷിച്ച സ്റ്റീൽബോംബാണ് കുടക്കളത്ത് ചൊവ്വാഴ്ച 85-കാരന്റെ ജീവനെടുത്തത്. സ്‌ഫോടനം നടന്ന സ്ഥലം സി.പി.എമ്മിന് മുൻതൂക്കമുള്ള പ്രദേശമാണ്. ഇവിടെയുള്ളവർ സമീപത്തെ മറ്റൊരു സ്ഥലത്തുള്ളവരുമായി രണ്ടുമാസം മുൻപ് അക്രമം നടന്നിരുന്നു. സംഭവം സംബന്ധിച്ച് അസ്വാഭാവിക മരണത്തിന് തലശ്ശേരി പോലീസിൽ കേസുണ്ട്. സ്‌ഫോടകവസ്തു കൈകാര്യം ചെയ്തതും ബോംബ് എത്തിച്ചതും സംബന്ധിച്ച് അന്വേഷണം നടത്തും.
റോഡിന് സമീപത്തായാണ് സ്‌ഫോടനം നടന്ന പൂട്ടിയിട്ട വീട്. വീടിന്റെ മുറ്റം വരെ വാഹനം പോകാനുള്ള സൗകര്യമുണ്ട്. ഇവിടെ ആളുകൾ വരാറില്ലെന്ന് അയൽവാസികൾ പറഞ്ഞു. പറമ്പിൽ തേങ്ങയെടുക്കാനെത്തിയ എരഞ്ഞോളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപം കുടക്കളം ആയിനാട്ട് മീത്തൽ പറമ്പിൽ ആയിനിയാട്ട് വേലായുധനാണ് സ്‌ഫോടനത്തിൽ മരിച്ചത്.
വേലായുധന്റെ കൈയിലുണ്ടായിരുന്ന തേങ്ങ നിറച്ച സഞ്ചി സ്‌ഫോടനം നടന്ന സ്ഥലത്തിനു സമീപത്തുണ്ടായിരുന്നു. വേലായുധൻ ഇവിടെയെത്തി തേങ്ങയെടുക്കാറുണ്ട്. വീട്ടുകാർ ഇവിടെ വരാറില്ല. രണ്ടു വർഷത്തിലേറെയായി പൂട്ടിയിട്ട വീട്ടുമുറ്റത്താണ് സ്‌ഫോടനം നടന്നത്. തേങ്ങയെടുക്കുന്നതിനിടയിൽ വേലായുധന് സ്റ്റീൽബോംബ് കിട്ടിയതായിരിക്കുമെന്ന് കരുതുന്നു.
വലതുകൈകൊണ്ട് വീടിന്റെ തറയിൽ ബോംബ് അടിച്ചപ്പോഴുണ്ടായ സ്‌ഫോടനത്തിൽ വലതുകൈ അറ്റുതൂങ്ങി. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും കണാനുണ്ടായിരുന്നില്ല. സ്‌ഫോടനശബ്ദവും വേലായുധന്റെ നിലവിളിയും കേട്ടാണ് പരിസരവാസികൾ സ്ഥലത്തെത്തിയത്.
സംഭവം നടക്കുമ്പോൾ സമീപത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ഭരണസമിതി യോഗം നടക്കുകയായിരുന്നു. വിവരമറിഞ്ഞ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വിജു, പഞ്ചായത്തംഗം നിമിഷ എന്നിവരുൾപ്പെടെ സ്ഥലത്തെത്തി. ആംബുലൻസ് എത്തിച്ച് ആശുത്രിയിൽ കൊണ്ടുപോകുമ്പോൾ വേലായുധന് ജീവനുണ്ടായിരുന്നു.
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സ്‌ഫോടനം നടന്ന സ്ഥലം പോലീസിന്റെ നിയന്ത്രണത്തിലാക്കി. എരഞ്ഞോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, എ.ഐ.സി.സി. അംഗം വി.എ. നാരായണൻ, സജ്ജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, സുശീൽ ചന്ത്രോത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.
സ്ഫോടനശബ്ദം കേട്ടത് ഉച്ചയ്ക്ക്
ഉച്ചയ്ക്ക് സ്‌ഫോടനശബ്ദം കേട്ടു. ആംബുലൻസ് വന്നപ്പോഴാണ് പുറത്തിറങ്ങിയത്. ആംബുലൻസിൽ കയറ്റുമ്പോൾ ജീവനുണ്ടായിരുന്നു. പലപ്പോഴും വേലായുധൻ പറമ്പിൽ എത്താറുണ്ട്. പൂട്ടിയിട്ട വീട്ടിൽ നാലുവർഷമായി ആൾത്താമസമില്ല.
-കിഴക്കേപ്പറമ്പത്ത് അനില്‍കുമാര്‍ (സ്‌ഫോടനം നടന്ന വീടിന് സമീപം താമസിക്കുന്ന ആള്‍)
പരിക്ക് കൈയ്ക്ക് മാത്രം
കൈയ്ക്ക് മാത്രമാണ് പരിക്കുണ്ടായിരുന്നത്. ശരീരത്തിൽ മറ്റു പരിക്കുകളൊന്നും കാണാനുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നു.
-പി. വിജു (ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
വേദനയായി സൂര്യകാന്തിയും അമാവാസിയും; ഇനി നാളെ...?
- 1998 ഏപ്രിൽ 18-ന് പാനൂർ കൂരാറയിൽ സ്റ്റീൽ ബോംബ് പൊട്ടി നാടോടി ബാലിക സൂര്യകാന്തിയുടെ (ഒൻപത്) ഇടതു കണ്ണും കൈപ്പത്തിയും തകർന്നു. പിതാവ് ഗോവിന്ദനും പരിക്കേറ്റു. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം തുറക്കുമ്പോഴായിരുന്നു ആ പൊട്ടിത്തെറി.
- 1998 ഒക്‌ടോബർ 24-ന് വീണ്ടും ചമ്പാട് അരയാക്കൂലിൽ സ്റ്റീൽ ബോംബ് സ്‌ഫോടനമുണ്ടായി. ചോതാവൂർ സ്‌കൂളിലെ നാല് കുട്ടികൾക്ക് പരിക്കേറ്റു.
- 1998 ഒക്‌ടോബർ 26-നുണ്ടായ പാനൂരിലെ ബോംബ് സ്‌ഫോടനത്തിൽ തമിഴ് നാടോടിസംഘത്തിലെ ഏഴുവയസ്സുകാരൻ അമാവാസിയുടെ കൈപ്പത്തി തകർന്നു. കണ്ണിനും പരിക്കേറ്റു.
- 1998 നവംബർ 21-ന് പാട്യം കോങ്ങാറ്റയിലെ സ്‌ഫോടനത്തിൽ മാടത്തുംകണ്ടി സുരേന്ദ്രന്റെ കാഴ്ച നഷ്ടപ്പെട്ടു. ജോലിക്കിടെ മൺവെട്ടി സ്റ്റീൽ ബോംബിൽ തട്ടുകയായിരുന്നു.
- 2007 മേയ് പത്തിന് ആറളത്തുമുണ്ടായി ബോംബ് സ്‌ഫോടനം. വളയംചാലിൽ കളിക്കുന്നതിനിടെ ബോംബ് പൊട്ടി ഏഴുവയസ്സുകാരി അഞ്ജുവിനും അഞ്ചു വയസ്സുകാരൻ വിഷ്ണുവിനുമാണ് പരിക്കേറ്റത്.
- 2012 ജൂലായ് 17-ന് തൂവക്കുന്നിൽ മതിലിന് കുഴിയെടുക്കുമ്പോൾ ബോംബ് പൊട്ടി കന്യാകുമാരി സ്വദേശി ബാബുവിന്റെ കണ്ണുകൾക്ക് മുറിവേറ്റു.
- 2012 നവംബർ 22-ന് പാലയാട് നരിവയലിലുണ്ടായ സ്‌ഫോടനത്തിൽ കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി ശ്രീവർധ് പ്രദീപിന് പരിക്കേറ്റു.
- 2014 മാർച്ച് 24-ന് പാനൂരിൽ ഉണ്ടായ സ്‌ഫോടനത്തിൽ മധ്യപ്രദേശ് വിദിശയിലെ ഏഴുവയസ്സുകാരൻ അഭിഷേകിന്റെ കൈപ്പത്തി തകർന്നു.
- 2016 സെപ്റ്റംബർ 16-ന് എലാങ്കോട് റോഡിൽ ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഐസ്‌ക്രീം ബോളിൽ ചവിട്ടിയപ്പോഴായിരുന്നു സ്‌ഫോടനം.
- *2019 ഏപ്രിൽ മൂന്നിന് മട്ടന്നൂർ പരിയാരത്തുണ്ടായ സ്‌ഫോടനത്തിൽ വിദ്യാർഥി കെ. ബിജിലിന്റെ കണ്ണിന് പരിക്കേറ്റു. ക്രിക്കറ്റ് കളിക്കിടെ കിട്ടിയ സ്റ്റീൽ പാത്രം തുറന്നതായിരുന്നു അവൻ.
ബോംബ് നിർമാണവും സംഭരണവും തുടരുന്നതിന്റെ ഉദാഹരണം-മാർട്ടിൻ ജോർജ്
തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവം ജില്ലയിൽ ബോംബ് നിർമാണവും സംഭരണവും നിർബാധം തുടരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രസ്താവിച്ചു. സി.പി.എമ്മും ബി.ജെ.പി.യും യഥേഷ്ടം ബോംബ് നിർമാണം തുടരുമ്പോൾ പോലീസിന്റെ ഭാഗത്തുനിന്ന് പരിശോധനയോ മറ്റു നടപടികളോ ഉണ്ടാകുന്നില്ല.
ഭരിക്കുന്ന പാർട്ടികൾ തന്നെയാണ് ബോംബ് നിർമാണത്തിൽ മത്സരിക്കുന്നത്. മരിച്ച വേലായുധന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. എരഞ്ഞോളിയിൽ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, എ.ഐ.സി.സി. അംഗം വി.എ. നാരായണൻ, സജ്ജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, സുശീൽ ചന്ദ്രോത്ത് ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചു.
മരണത്തിന് ഉത്തരവാദി സി.പി.എം. -എൻ. ഹരിദാസ്
കതിരൂർ പഞ്ചായത്ത് ഓഫീസും സി.പി.എം. ഓഫീസും സ്ഥിതിചെയ്യുന്ന കൊടക്കളത്ത് ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് ഈ പ്രദേശം. രാത്രിയിൽ അതുവഴി ഭയത്തോടെയാണ് ജനങ്ങൾ പോകുന്നത്. സി.പി.എം. ബോംബ് നിർമിച്ച് സൂക്ഷിച്ച സ്ഥലത്താണ് വയോധികൻ തേങ്ങ ശേഖരിക്കാൻപോയത്.
മാസങ്ങൾക്കു മുൻപ് പാനൂരിനടുത്ത് ബോംബ് പൊട്ടി ഒരാൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്നിട്ടും സി.പി.എം. ബോംബ് രാഷ്ട്രീയത്തിൽനിന്ന് പിന്തിരിഞ്ഞിട്ടില്ലെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൈതേരിയിൽ 'വ്യാജ ബോംബ്' കണ്ടെത്തി
കൂത്തുപറമ്പ്: റോഡരികിൽ കണ്ടെത്തിയ ‘വ്യാജ ബോംബ്’ ഭീതിപരത്തി. കൈതേരിപ്പാലത്തിനടുത്ത് കീരാമൂലയിൽ ഹൗസിൽ അടിയേരി പ്രേമിയുടെ വീട്ടിലേക്കുള്ള മൺറോഡിലാണ് ബോംബെന്ന് തോന്നിക്കുംവിധമുള്ള സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്. ബോംബായിരിക്കാമെന്ന ഭീതിയിൽ വീട്ടുകാർ കൂത്തുപറമ്പ് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ ബോംബാണെന്ന് തിരിച്ചറിയുകയായിരുന്നു.
Content Highlights: Continuous bomb blasts shakes Kannur as innocent people dies