140 KG കൊക്കെയ്നുമായി US-ൽ 2 ഇന്ത്യക്കാർ പിടിയിൽ; 1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള മയക്കുമരുന്ന്

ഇന്ത്യാന (യുഎസ്എ): 63 കോടിയോളം വിലമതിക്കുന്ന 140 കിലോ കൊക്കെയ്‌നുമായി യുഎസിൽ രണ്ട് ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ പിടിയിൽ. 25-കാരനായ ഗുർപ്രീത് സിങ്, 30-കാരനായ ജസ്‌വീർ സിങ് എന്നിവരെയാണ് ഇന്ത്യാന ഹൈവേയിൽ നടന്ന പരിശോധനയ്ക്കിടെ ഇന്ത്യാന സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഓടിച്ചിരുന്ന ട്രക്കിന്റെ സ്ലീപ്പർ ബർത്തിൽ പുതപ്പുകൊണ്ട് പൊതിഞ്ഞ കാർഡ് ബോർഡ് ബോക്‌സുകൾക്കുള്ളിലായിരുന്നു കൊക്കെയ്ൻ കടത്തിത്. 1,13,000-ൽ അധികം അമേരിക്കക്കാരെ കൊല്ലാൻ ശേഷിയുള്ള മയക്കുമരുന്നാണ് കണ്ടെത്തിയതെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വിഭാഗം വ്യക്തമാക്കി.
പരിശോധനയിൽ കൊക്കെയ്ൻ സാന്നിധ്യത്തെക്കുറിച്ച് സ്‌നിഫർ ഡോഗ് യൂണിറ്റാണ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. തുടർന്ന് രണ്ടു പേരെയും പുട്ട്‌നാം കൗണ്ടി ജയിലിലേക്ക് മാറ്റി. മയക്കുമരുന്ന് ഇടപാട് നടത്തിയതിന് പ്രതികൾക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ടെന്നും നാടുകടത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യാന സ്റ്റേറ്റ് പോലീസ് പറഞ്ഞു.
എന്നാൽ, ട്രക്കിനുള്ളിൽ എന്തായിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും റിച്ച്മണ്ടിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിലേക്ക് ട്രക്ക് കൊണ്ടുപോയി ലോഡിനായി കാത്തിരിക്കാനാണ് കമ്പനി തങ്ങളോട് പറഞ്ഞതെന്നുമാണ് അറസ്റ്റിലായവർ പോലീസിന് നൽകി മൊഴി.
അതേസമയം, ഇരുവരും അനധികൃതമായാണ് യുഎസിലെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഗുർപ്രീത് സിങ് 2023 മാർച്ച് 11-ന് അരിസോണയിൽ നിന്ന് നിയമവിരുദ്ധമായാണ് യുഎസിൽ പ്രവേശിച്ചത്. ജസ്‌വീർ സിങ് 2017 മാർച്ച് 21-ന് കാലിഫോർണിയയിൽ നിന്ന് നിയമവിരുദ്ധമായി യുഎസിൽ പ്രവേശിക്കുകയായിരുന്നു. അതിനിടെ, കാലിഫോർണിയയിലെ സാൻ ബെർണാർഡിനോയിൽ നിന്ന് മോഷണക്കുറ്റത്തിന് ജസ്‌വീറിനെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെ വിമർശിച്ച് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലോഫ്‌ലിൻ രംഗത്തെത്തി. ന്യൂസോമിന്റെ അശ്രദ്ധമായ നയങ്ങൾ കാരണമാണ് കാലിഫോർണിയയിൽനിന്ന് നിയമവിരുദ്ധമായി യുഎസിലെത്തിയ രണ്ട് വിദേശ ക്രിമിനലുകൾക്ക് വാണിജ്യ ഡ്രൈവിങ് ലൈസൻസ് ലഭിച്ചതെന്ന് അവർ പറഞ്ഞു.
Content Highlights: Two Indian truck drivers arrested in Indiana with 140kg of cocaine, valued at over $7.6 million. The haul could kill over 113,000 people. Officials criticize California`s lenient policies.