പാകിസ്താനുവേണ്ടി ചാരപ്രവർത്തനം; നാവികസേനാ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

അമരാവതി: ഇന്ത്യൻ നാവികസേനയുടെ അതിരഹസ്യവിവരങ്ങൾ പാകിസ്താൻ ഇന്റലിജൻസിനു ചോർത്തിനൽകിയ സംഭവത്തിൽ നാവികസേനാ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേരെ ആന്ധ്രപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. വിശാഖപട്ടണം നേവൽ ബേസിലെ ജീവനക്കാരനായ പ്രദീപ് മുഖർജി, കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഡ്രൈവർ അന്നം സായ് വരപ്രസാദ് എന്നിവരാണ് പിടിയിലായത്. ഈ കേസിൽ 13 നാവികസേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ അന്വേഷണപരിധിയിലാണെന്ന് പോലീസ് വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽനിന്നാണ് പ്രദീപ് മുഖർജിയെ പോലീസ് സംഘം പിടികൂടിയത്. പാക് ഏജന്റുമാർക്ക് വാട്സാപ്പ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനുള്ള ഒ.ടി.പി. കൈമാറിയതും നാവികസേനാ താവളങ്ങളിലെ സുപ്രധാന വിവരങ്ങൾ എൻക്രിപ്റ്റഡ് ചാനലുകളിലൂടെ പങ്കുവെച്ചതുമാണ് ഇയാൾക്കെതിരേയുള്ള കുറ്റം. വരപ്രസാദ് പ്രതിരോധ സ്ഥാപനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാക് ഏജന്റുമാർക്ക് നൽകുകയും ഇതിനുപകരമായി വൻതുക കൈപ്പറ്റുകയും ചെയ്തെന്ന് പോലീസ് കണ്ടെത്തി. രണ്ടുപേരെയും വിജയവാഡ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും മറ്റു പ്രതികൾക്കുവേണ്ടി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഓപ്പറേഷൻ ഫയർവാൾ-2026
പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായി (പി.ഐ.ഒ.) ഇന്ത്യയിലെ ചിലർ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശ് കൗണ്ടർ ഇന്റലിജൻസ് സെല്ലാണ് അന്വേഷണത്തിന് നേതൃത്വംനൽകിയത്. കേരളം, തമിഴ്‌നാട്, ഡൽഹി, മഹാരാഷ്ട്ര, കർണാടക തുടങ്ങി 10 സംസ്ഥാനങ്ങളിലെ ആന്റി ടെററിസ്റ്റ് സ്ക്വാഡുകളുമായും (എ.ടി.എസ്.) നാവികസേനാ ഉദ്യോഗസ്ഥരുമായും ഏകോപിപ്പിച്ചാണ് ‘ഓപ്പറേഷൻ ഫയർവാൾ-2026’ നടപ്പാക്കിയത്. ഇതിന് 12 പ്രത്യേക അന്വേഷണസംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിലായി വിന്യസിച്ചിരുന്നു.
Content Highlights: Two individuals, including a naval employee, arrested for leaking secrets to Pakistan intelligence., Operation Firewall 2026 conducted across 10 states by Counter Intelligence and ATS., Accused shared encrypted files and OTPs with Pakistani handlers in exchange for money.