തീ കൊളുത്തി കൊലപ്പെടുത്തിയത് മകനെയും കുടുംബത്തെയും; ഇടുക്കി ചീനിക്കുഴി കൂട്ടക്കൊല കേസ് വിധി ഇന്ന്

പ്രതി ഹമീദ്, കൊല്ലപ്പെട്ട ഫൈസല്‍, ഭാര്യ ഷീബ, ഇൻസെറ്റില്‍ മക്കളായ മെഹര്‍, അഫ്‌സാന.
പ്രതി ഹമീദ്, കൊല്ലപ്പെട്ട ഫൈസല്‍, ഭാര്യ ഷീബ, ഇൻസെറ്റില്‍ മക്കളായ മെഹര്‍, അഫ്‌സാന.

തൊടുപുഴ : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. ചീനിക്കുഴി ഹമീദ് (80) ആണ് കേസിലെ പ്രതി. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആഷ് കെ. ബാല്‍ ആണ് വിധി പറയുന്നത്.

2022 മാര്‍ച്ചില്‍ നടന്ന സംഭവം സമാനതകളില്ലാത്തതാണ്. വര്‍ത്തമാന കേരളത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകം എന്ന ചീനിക്കുഴി കേസിനെ വിശേഷിപ്പിക്കാം.

ചീനിക്കുഴി സ്വദേശി അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ് വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം തടസപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് വീടിന് തീയിട്ടത്. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ടാങ്കില്‍നിന്ന് വെള്ളം ഒഴുക്കി കളയുകയും പൈപ്പുകളുടെ കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു. ഫ്രിഡ്ജില്‍ കരുതിയിരുന്ന വെള്ളംപോലും എടുത്തു കളഞ്ഞു.

ഭാര്യ മരിച്ചതിന് ശേഷം ഹമീദ് തൊടുപുഴയിലെ വീട്ടില്‍നിന്ന് മണിയന്‍കുടിയിലേക്ക് താമസം മാറിയിരുന്നു. അടുത്തിടെയാണ് വീണ്ടും ഫൈസല്‍ താമസിക്കുന്ന വീട്ടിലെത്തിയത്. ഇതിനുപിന്നാലെയാണ് ഫൈസലിന് നല്‍കിയ വസ്തുവിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. കടമുറികളടക്കമുള്ള വസ്തുവാണ് ഹമീദ് തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

സ്വത്ത് നല്‍കിയില്ലെങ്കില്‍ മകനെയും കുടുംബത്തെയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്ത് തര്‍ക്കമായതിനാല്‍ ആളുകളെ ഭയപ്പെടുത്താന്‍ വേണ്ടി മാത്രമുള്ള ഭീഷണിയായാണ് എല്ലാവരും ഇതെല്ലാം കണ്ടത്. പക്ഷേ, രാത്രി ഹമീദ് മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തിയ വിവരമറിഞ്ഞ് നാട്ടുകാര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല.

കൊലപാതകം നടന്ന വീട്ടില്‍ തന്നെയാണ് ഹമീദും താമസിച്ചിരുന്നത്. സംഭവദിവസം പുലര്‍ച്ചെ ഒരുമണിയോടെ ഹമീദ് എഴുന്നേറ്റു. തുടര്‍ന്ന് മകനും കുടുംബവും ഉറങ്ങിയിരുന്ന മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടി. പിന്നാലെ വീട്ടിലേക്ക് കടക്കാനുള്ള മറ്റു വാതിലുകളും പൂട്ടി പുറത്തിറങ്ങി. തുടര്‍ന്നാണ് മകന്റെ മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ടത്.

ഉള്‍പ്രദേശമായതിനാല്‍ ചീനിക്കുഴിയില്‍ പെട്രോളും ഡീസലും കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നത് പതിവാണ്. കൊല്ലപ്പെട്ട ഫൈസലും ഇത്തരത്തില്‍ പെട്രോള്‍ വില്‍പ്പന നടത്തിയിരുന്നു. ഇതിനുവേണ്ടി കരുതിയിരുന്ന പെട്രോളാണ് പിതാവ് ഹമീദ് മകന്റെയും കുടുംബത്തിന്റെയും ജീവനെടുക്കാന്‍ ഉപയോഗിച്ചത്.

മുറിയില്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം ഹമീദ് നേരത്തെ കരുതിയിരുന്ന പെട്രോള്‍ കുപ്പികള്‍ തുടര്‍ച്ചയായി വീടിനകത്തേക്ക് എറിഞ്ഞുകൊണ്ടിരുന്നു. ഇതോടെ തീ ആളിക്കത്തുകയും ചെയ്തു. പ്രാണരക്ഷാര്‍ഥം ഫൈസലും കുടുംബവും ശൗചാലയത്തില്‍ ഒളിച്ചെങ്കിലും രക്ഷപ്പെടാനായില്ല.

പെട്രോള്‍ കുപ്പികള്‍ എറിഞ്ഞു, വെള്ളം കിട്ടിയില്ല...

ഫൈസലിന്റെയും ഹമീദിന്റെയും അയല്‍വാസിയായ രാഹുലാണ് സംഭവസ്ഥലത്തേക്ക് ആദ്യം എത്തിയത്. വീട്ടില്‍ തീപ്പിടിത്തമുണ്ടായപ്പോള്‍ ഫൈസലിന്റെ മക്കള്‍ രാഹുലിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ വാതിലുകള്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴേക്കും മുറിയില്‍ തീ ആളിപ്പടര്‍ന്നു. യാതൊരു കാരണവശാലം ഫൈസല്‍ രക്ഷപ്പെടരുതെന്ന ഉദ്ദേശ്യത്തോടെ ഹമീദ് പെട്രോള്‍ നിറച്ച കുപ്പികള്‍ അകത്തേക്ക് എറിഞ്ഞു കൊണ്ടേയിരുന്നു. കട്ടിലിന് തീപ്പിടിച്ച് ആളിക്കത്തുകയായിരുന്നു. കട്ടിലിന്റെ പിറകിലായിരുന്നു ഫൈസലും കുടുംബവും ഒളിച്ചിരുന്ന ശൗചാലയം. കട്ടിലിന് തീപ്പിടിച്ചത് കാരണം അവര്‍ക്ക് ആ ഭാഗത്തുനിന്ന് വരാനായില്ല.

നാട്ടുകാരും രക്ഷാപ്രവര്‍ത്തകരുമെത്തി തീയണച്ചതിന് ശേഷം ശുചിമുറി പരിശോധിച്ചപ്പോള്‍ നാല് പ്രേര്‍ക്കും ജീവനുണ്ടായിരുന്നില്ല. കാര്യമായി പൊള്ളലേല്‍ക്കാത്തതിനാല്‍ തീപ്പിടിത്തം കാരണമുണ്ടായ പുക ശ്വസിച്ചായിരുന്നു മരണം.

കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഹമീദ് ബന്ധുവീട്ടിലേക്കാണ് പോയത്. തുടര്‍ന്ന് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ വിവരം ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു. വൈകാതെ തന്നെ ഹമീദ് പോലീസിന്റെ പിടിയിലാവുകയും ചെയ്തു.

Content Highlights: Idukki Chinnaquiz double murder case verdict today. Father sets son, daughter-in-law, and two grandchildren ablaze over property dispute. Justice awaits.