ജോധ്പുരിലെ ക്യാമ്പിൽ പരിചയം, അടുപ്പം; ഉദ്യോഗസ്ഥ ആത്മഹത്യചെയ്യേണ്ട സാഹചര്യം അറിയില്ലെന്ന് സുകാന്ത്

തിരുവനന്തപുരം: സുഹൃത്തായ ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സാഹചര്യമെന്താണെന്നറിയില്ലെന്ന് പ്രതി സുകാന്ത് സുരേഷ് പോലീസിനോടു പറഞ്ഞു. യുവതി ആത്മഹത്യചെയ്ത ദിവസവും തമ്മില്‍ വഴക്കിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. എന്നാല്‍, ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇടയ്ക്കിടെ യുവതിയുമായി വഴക്കിടാറുണ്ടെങ്കിലും വീണ്ടും സൗഹൃദത്തിലാകാറുമുണ്ടായിരുന്നുവെന്നും സുകാന്ത് പോലീസിനോടു പറഞ്ഞു.
കസ്റ്റഡിയില്‍ ലഭിച്ച സുകാന്തുമായി പേട്ട പോലീസ് ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റിലും ചില ഹോട്ടലുകളിലും തെളിവെടുപ്പു നടത്തിയിരുന്നു.
ജോധ്പുരിലെ ഐബി ട്രെയിനിങ് ക്യാമ്പില്‍വെച്ചാണ് യുവതിയെ പരിചയപ്പെട്ടതും അടുപ്പമായതുമെന്നാണ് സുകാന്ത് പറയുന്നത്. വ്യാഴാഴ്ച വൈകീട്ട് സുകാന്തിനെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിക്ക് അപേക്ഷിക്കുമെന്നും പേട്ട പോലീസ് പറഞ്ഞു. പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ മാര്‍ച്ച് 24-നാണ് ചാക്ക റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ചത്. ഇതിനു മുന്‍പ് യുവതി അവസാനമായി ഫോണ്‍ചെയ്തത് സുകാന്തിനെയായിരുന്നു.
സുകാന്തിനെ നെടുമ്പാശ്ശേരിയിലെത്തിച്ച് തെളിവെടുത്തു
നെടുമ്പാശ്ശേരി: പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ പ്രതിയായ സുകാന്ത് സുരേഷിനെ നെടുമ്പാശ്ശേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മൂഴിയാലില്‍ സുകാന്ത് താമസിച്ചിരുന്ന വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇരുവരും ഒരുമിച്ച് ജോലിചെയ്തിട്ടുണ്ട്. ഐബി ഉദ്യോഗസ്ഥ സുകാന്തിനോടൊപ്പം നെടുമ്പാശ്ശേരിയിലെ വാടകവീട്ടില്‍ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കസ്റ്റഡി കാലാവധി കഴിയുന്ന വ്യാഴാഴ്ച ഇയാളെ പോലീസ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Suspect in IB officer`s suicide case admits to arguments but denies responsibility