60 സെക്കന്ഡിനുള്ളില് കാര് 'അപ്രത്യക്ഷം'; മോഷ്ടാക്കളുടെ വൈദഗ്ധ്യത്തില് പകച്ച് ഉടമ

ന്യൂഡല്ഹി: വീടിനു പുറത്ത് നിര്ത്തിയിട്ട കാര് നിമിഷങ്ങള്ക്കൊണ്ട് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് വൈറലായിരിക്കുന്നത്. ജൂണ് 21 ന് ഡല്ഹിയിലെ സഫദര്ജംഗ് എന്ക്ലെയ്വിലുള്ള റിഷഭ് ചൗഹാന് എന്നയാളുടെ കാര് ആണ് മോഷ്ടാക്കള് വെറും ഒരുമിനിറ്റിനുള്ളില് തട്ടിയെടുത്തത്. വണ്ടിയുടെ ഉടമയായ റിഷഭ് ചൗഹാന് കാര് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള് ഇന്സ്റ്റഗ്രാമില് പങ്ക് വെച്ചതോടെഅത് വൈറലായി.
റിഷഭിന്റെ വീടിന് മുന്പില് നിര്ത്തിയിട്ട കാറാണ് ഒരു സംഘം മോഷ്ടാക്കള് വന്ന് കടത്തിക്കൊണ്ട് പോയത്. മറ്റൊരു കാറില് സംഘമായി എത്തിയ മോഷ്ടാക്കള് ക്രെറ്റ കാറിന്റെ സുരക്ഷ സംവിധാനത്തെ ഹാക്ക് ചെയ്യുകയും ഓടിച്ച് കൊണ്ട് പോവുകയും ആയിരുന്നു. വളരെ എളുപ്പത്തില് കാര് മോഷ്ടിച്ച കള്ളന്മാരുടെ വൈദഗ്ദ്യത്തില് പകച്ചിരിക്കുകയാണ് ആളുകള്.
ക്രെറ്റക്ക് സമീപം ഒരു കാര് നിര്ത്തുകയും അതില് നിന്ന് ഇറങ്ങിയ ഒരാള് ഡ്രൈവറുടെ വശത്തുള്ള വാതിലിന്റെ ചില്ല് തകര്ക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യത്തില് കാണാം. കാറിന്റെ ചില്ല് തകര്ത്തതിന് ശേഷം അയാള് പോവുകയും പകരം മറ്റൊരാള് ഇറങ്ങി വാഹനത്തിന്റെ സുരക്ഷസംവിധാനം ഹാക്ക് ചെയ്ത് വാഹനം ഓടിച്ച് കൊണ്ട് പോവുകയായിരുന്നു. ഇതെല്ലാം നടന്നത് അറുപത് സെക്കന്ഡിനുള്ളില് ആണ്.
സംഭവുമായി ബന്ധപ്പെട്ട് ഡല്ഹി പോലീസ് കേസെടുത്തതിന്റെ വിവരങ്ങള് പങ്ക് വെച്ചതോടൊപ്പം ഹ്യുണ്ടായി ഉടമകളോട് തങ്ങളുടെ കാറുകള്ശ്രദ്ധിക്കാനും റിഷഭ് പറഞ്ഞു.
സമൂഹ മാധ്യമത്തില് പങ്കുവെച്ച വീഡിയോ ഇതിനോടകം മൂന്ന് മില്ല്യണ് ആളുകള് കാണുകയും 2,500 അഭിപ്രായങ്ങള് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
'ഡല്ഹി സുരക്ഷിതമല്ലെങ്കില് ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കാന് പോലും സാധിക്കുന്നില്ല' എന്നും റിഷഭ് വീഡിയോയുടെ കൂടെ കുറിച്ചു.
Content Highlights: A Hyundai Creta was stolen in Delhi in just 60 seconds thieves hacked the security system