ഭാര്യയെ പൂട്ടിയിട്ട് സുഹൃത്തുക്കളെ മുറിയിലേക്കയച്ചു, കൂട്ടബലാത്സംഗത്തിന് അവസരമൊരുക്കി ഭർത്താവ്; രക്ഷകനായി വീട്ടുടമ

ഹൈദരാബാദ്: മ്യാൻമർ വംശജയായ പതിനെട്ടുകാരിയായ ഭാര്യയെ വീടിനുള്ളിൽ പൂട്ടിയിട്ട് മൂന്ന് സുഹൃത്തുക്കൾക്ക് കൂട്ടബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയ ഭർത്താവ് അറസ്റ്റിൽ. തെലങ്കാനയിലെ ഹൈദരാബാദിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. വീട്ടുവാടക വാങ്ങാനെത്തിയ വീട്ടുടമസ്ഥൻ പൂട്ട് പൊളിച്ചതോടെയാണ് മാസങ്ങൾ നീണ്ട ദാരുണമായ കൊടുംക്രൂരത പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് മുഹമ്മദ് ഫയാസ്, ഇയാളുടെ സുഹൃത്തുക്കളായ അഹമ്മദ് മുജീബ്, നൂർ കമാൽ, സിയാഉർ റഹ്മാൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ബംഗ്ലാദേശിലെ കോക്സ് ബസാറിൽ കഴിയുകയായിരുന്ന പതിനെട്ടുകാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഈ വർഷം മേയ് മാസത്തിലാണ് ഫയാസ് ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. യുവതിയുടെ വീട്ടുകാരെ അറിയിക്കാതെയായിരുന്നു ഇത്. ഹൈദരാബാദിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇരുവരും വിവാഹിതരാവുകയും വാടകവീട്ടിൽ താമസം തുടങ്ങുകയും ചെയ്തു. എന്നാൽ, വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം, മ്യാൻമർ സ്വദേശികളും ഹൈദരാബാദിൽ താമസക്കാരുമായ തൻ്റെ മൂന്ന് സുഹൃത്തുക്കളെ ഫയാസ് ഈ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
പിന്നീട് ഫയാസ് വീട് പുറത്തുനിന്ന് പൂട്ടി പുറത്തുപോകുകയും തൻ്റെ സുഹൃത്തുക്കളെ വീട്ടിനുള്ളിലേക്ക് അയച്ച് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. അപരിചിതമായ സ്ഥലത്ത് ആരോട് പരാതിപ്പെടണം എന്ന് അറിയാത്ത ഭയത്തിലാണ് യുവതി ഇത്രയും നാൾ കഴിഞ്ഞത്.
ഒക്ടോബർ 23-ന് കുടിശ്ശികയായ വീട്ടുവാടക വാങ്ങാനായി വീട്ടുടമസ്ഥൻ എത്തിയപ്പോഴാണ് വീട് പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. സംശയം തോന്നിയ ഇയാൾ പൂട്ട് പൊളിച്ചതോടെയാണ് യുവതിക്ക് പുറത്തുകടക്കാനായത്. തുടർന്ന് മറ്റൊരു വ്യക്തിയുടെ ഫോൺ ഉപയോഗിച്ച് യുവതി തൻ്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
അടുത്തു താമസിക്കുന്ന ബന്ധുവായ മുഹമ്മദ് റഷീദിന്റെ സഹായത്തോടെ ഒക്ടോബർ 26-ന് പോലീസ് സ്റ്റേഷനിലെത്തി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, അനധികൃതമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നാല് പ്രതികൾക്കെതിരെയും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
Content Highlights: An 18-year-old Myanmar refugee woman was locked inside a house and gang-raped by her husband's friends in Hyderabad., The horrific crime came to light when the landlord broke open the locked door to collect rent., Police registered an FIR and arrested the husband along with his three friends based on the victim's complaint.