കഞ്ചാവ് കേസ്: ചോദ്യംചെയ്യലിനെത്തിയ സമീര്‍ താഹിര്‍ അറസ്റ്റില്‍,ജാമ്യം

കൊച്ചി:കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ ഛായാഗ്രഹകനും സംവിധായകനും കൂടിയായ സമീര്‍ താഹിര്‍ അറസ്റ്റിലായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീര്‍ താഹിറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ സംവിധായകര്‍ പിടിയിലായ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിനെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
അഭിഭാഷകനൊപ്പമാണ് സമീര്‍ താഹിര്‍ എക്‌സൈസ് ഓഫീസിലെത്തിയിരുന്നത്. സമീറിന്റെ പേരിലുള്ള ഫ്‌ളാറ്റില്‍ നിന്നായിരുന്നു സംവിധായകര്‍ പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്.
അതേസമയം, ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തില്‍ ഫ്‌ലാറ്റ് ഒഴിയണമെന്ന് സമീര്‍ താഹിറിനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ് സമീര്‍ താഹിര്‍ താമസിക്കുന്ന ആഡംബര ഫ്‌ളാറ്റിന്റെ ഉടമ. ഈ ഫ്‌ളാറ്റ് സമീര്‍ താഹിറിന് വാടകയ്ക്ക് നല്‍കിയിരുന്നതാണ്. ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് തങ്ങള്‍ക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നും സംഭവം നടുക്കുന്നതാണെന്നും കാണിച്ചാണ് ഫ്‌ളാറ്റ് ഉടമയ്ക്ക് അസോസിയേഷന്‍ കത്തുനല്‍കിയത്.
Content Highlights: hybrid ganja- director-sameer thahir arrest