ഭാര്യയെ സംശയം, മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു; തടയാൻ ശ്രമിച്ച മകളെയും തീയിലേക്ക് തള്ളി

#ന്യൂസ് ഡെസ്‌ക്
കൊല്ലപ്പെട്ട ത്രിവേണി | Photo: x.com/TheSiasatDaily
കൊല്ലപ്പെട്ട ത്രിവേണി | Photo: x.com/TheSiasatDaily

ഹൈദരാബാദ്: മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദ് നല്ലകുണ്ട സ്വദേശി വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച ആറു വയസുകാരി മകളെ ഇയാൾ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. ക്രൂരകൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

ക്രിസ്മസ് തലേന്നായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ പ്രതിക്ക് ഭാര്യ ത്രിവേണിയെ സംശയമായിരുന്നു. ഇത് പലപ്പോഴും ഇരുവരും തമ്മിലുള്ള വഴക്കിലേക്ക് നയിച്ചിരുന്നുവെന്ന് ഹൈദരാബാദ് പോലീസ് പറഞ്ഞു. ഡിസംബർ 24-ന് ഇത്തരത്തിലുണ്ടായ വഴക്കിനു ശേഷം ഇയാൾ കുട്ടികളുടെ മുന്നിൽവെച്ച് ത്രിവേണിയെ ആക്രമിക്കുകയും തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഇതിനിടെ അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകളെയും ഇയാൾ തീയിലേക്ക് തള്ളിയിട്ടു.

നിലവിളി കേട്ട് ഒടിയെത്തിയ അയൽക്കാർ വീടിനുള്ളിലേക്ക് കയറിയപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ ത്രിവേണി മരിച്ചിരുന്നു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഇവരുടെ ആറുവയസുകാരിയായ മകളെ ആശുപത്രിയിലേക്ക് മാറ്റി. പ്രണയിച്ച് വിവാഹംകഴിച്ചവരാണ് വെങ്കിടേഷും ത്രിവേണിയും. ഇവർക്ക് ഒരു മകനും മകളുമാണ് ഉള്ളത്.

ഭാര്യയിലുള്ള സംശയം മൂലം പലപ്പോഴും ഇയാൾ ത്രിവേണിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പറയപ്പെടുന്നു. കുറച്ച് മാസങ്ങൾക്കു മുമ്പ് ത്രിവേണി, ഭർത്താവിനെതിരേ പോലീസിലും വനിതാ സംരക്ഷണ സെല്ലിലും പരാതിപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം, വെങ്കിടേഷ് വീട് വിട്ടിരുന്നു. ഇതോടെ കുട്ടികളെ നോക്കാൻ ത്രിവേണി ഒരു ഹോട്ടലിലും ചില വീടുകളിലും ജോലിക്കു പോയിരുന്നു.

ത്രിവേണി അടുത്തിടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാൽ, ത്രിവേണിയുടെ വീട്ടിലെത്തിയ വെങ്കിടേഷ്, അവരുടെ മാതാപിതാക്കളെ കണ്ട് സംസാരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്ത് വീട്ടിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മദ്യപാന ശീലം ഉപേക്ഷിക്കുമെന്ന ഉറപ്പിലായിരുന്നു ഇത്. തുടർന്നായിരുന്നു വെങ്കിടേഷിന്റെ ക്രൂരകൃത്യം.

ത്രിവേണി മുമ്പ് ഭർത്താവിന് ഒരു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, നിരന്തര മദ്യപാനിയായ ഇയാൾ അത് 15,000 രൂപയ്ക്ക് വിറ്റതായി അയൽക്കാർ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത പോലീസ് വെങ്കിടേഷിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Content Highlights: Horrific incident in Hyderabad where a husband, driven by suspicion, set his wife ablaze in front of their children. Their daughter was also pushed into the fire while trying to save her mother.