റീൽ കാണുന്നതിൽ തര്‍ക്കം; ഭാര്യയെ വടിവാൾകൊണ്ട്‌ കൊലപ്പെടുത്തി ഭര്‍ത്താവ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മംഗളൂരു: സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ കാണുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഉഡുപ്പി ജില്ലയിലെ ശങ്കരനാരായണാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 

ഹൊസാമതയിലെ ഹിലിയാനയിലെ ഗണേഷ് പൂജാരി എന്നയാളാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. രേഖ സോഷ്യല്‍ മീഡിയ റീലുകൾ അമിതമായി കാണാറുണ്ടെന്നും ഇതുസംബന്ധിച്ച് ഇരുവരും വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നേരത്തേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പോലീസിന്റെ ഇടപെടലില്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാമെന്ന് ഇരുവരും ഉറപ്പ് നല്‍കിയതുമാണ്. 

വ്യാഴാഴ്ച രാത്രി ഗണേഷ് പൂജാരി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ രേഖ റീല്‍സ് കാണുന്നത് കണ്ട് അസ്വസ്ഥനായി. തുടര്‍ന്നുണ്ടായ വഴക്കില്‍ അയാള്‍ വടിവാള്‍ കൊണ്ട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെയിന്ററായി ജോലി നോക്കുകയാണ് ഗണേഷ് പൂജാരി. രേഖ പെട്രോള്‍ പമ്പ് ജീവനക്കാരി ആയിരുന്നു. 

Content Highlights: Man kills wife over her addiction to reels in udupi district