ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെ യുവാവ് തടാകത്തിൽ തള്ളിയിട്ട് കൊന്നു; രക്ഷിക്കാനിറങ്ങിയ അമ്മയും മരിച്ചു

ബെംഗളൂരു: കര്‍ണാടകത്തിലെ ഹുന്‍സൂരില്‍ ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. രക്ഷിക്കാന്‍ ശ്രമിച്ച അമ്മയും മരിച്ചു. ചൊവ്വാഴ്ച രാത്രി മാരുര്‍ ഗ്രാമത്തിലാണ് സംഭവം.
രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായ ധനുശ്രീ (19), അമ്മ അനിത (40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ധനുശ്രീയുടെ സഹോദരന്‍ നിതിനെ (23) ഹുന്‍സൂര്‍ റൂറല്‍ പോലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് അയല്‍ഗ്രാമത്തിലുള്ള ബന്ധുവീട്ടിലേക്കാണെന്നുപറഞ്ഞാണ് നിതിന്‍ ധനുശ്രീയെയും അമ്മയെയും ബൈക്കില്‍ കൊണ്ടുപോയത്. പോകുന്നവഴിക്ക് തടാകത്തിനടുത്ത് ബൈക്ക് നിര്‍ത്തിയശേഷം ധനുശ്രീയെ തള്ളിയിട്ടു. ഇതുകണ്ട് രക്ഷിക്കാന്‍ അമ്മയും തടാകത്തില്‍ ചാടി. തുടര്‍ന്ന് വീട്ടിലെത്തിയ നിതിന്‍ പിതാവ് സതീഷിനെ വിവരം അറിയിച്ചു. പിതാവിനെക്കൂട്ടി തടാകത്തിലെത്തി ധനുശ്രീയെ തള്ളിയിട്ട സ്ഥലം കാണിച്ചുകൊടുത്തു.
തിരച്ചിലിനൊടുവില്‍ ബുധനാഴ്ച രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ധനുശ്രീ ഇതരമതസ്ഥനെ പ്രണയിക്കുന്നതിന്റെ പേരില്‍ നിതിന്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.
Content Highlights: hunsur honour killing man killed his sister