ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, ഇത്രയും അസുഖമെങ്കിൽ എങ്ങനെ വിമാന യാത്ര പറ്റും-കോടതിയുടെ ചോദ്യങ്ങളിൽ ‘കീഴടങ്ങി’ തച്ചങ്കരി

കൊച്ചി: വിദേശത്തുപോകാൻ ഇളവുതേടി മുൻ ഡിജിപി ടോമിൻ തച്ചങ്കരി സമർപ്പിച്ച ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇത്രയും അസുഖങ്ങൾ ഉള്ളയാൾ എങ്ങനെയാണ് വിദേശയാത്ര പോവുകയെന്നും എങ്ങനെ വിമാനത്തിൽ യാത്രചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചു. പിന്നാലെയാണ് തച്ചങ്കരി ഹർജി പിൻവലിക്കുകയാണ് എന്ന് അറിയിച്ചത്.
ശിക്ഷിച്ച് ജയിലിലേക്ക് വിട്ട തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യപ്രശ്നങ്ങളുമായി തച്ചങ്കരി ജയിൽ ആശുപത്രിയിലേക്ക് മാറിയിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമർശനം. ആരോഗ്യപരമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തച്ചങ്കരി ജയിൽ ആശുപത്രിയിൽ കഴിഞ്ഞ കാര്യത്തിൽ ഗൂഡാലോചനയുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ജയിൽ ആശുപത്രിയിൽ കിടക്കാൻ സഹായിച്ചത് ആരൊക്കെയാണ് എന്ന കാര്യവും അന്വേഷിക്കും. ഇതിൽ നിർദേശം നൽകുന്നതിനായുള്ള ഉത്തരവിനായി മാറ്റിയിട്ടുണ്ട്. 'തച്ചങ്കരി ഡിജിപി ആയിരുന്നപ്പോൾ ജയിൽ കണ്ടിട്ടുണ്ടാകും. പക്ഷേ ശിക്ഷ ലഭിച്ച ശേഷം അദ്ദേഹം ജയിൽ കണ്ടിട്ടുണ്ടാവില്ല. കാരണം അദ്ദേഹം ജയിൽ ആശുപത്രിയിലായിരുന്നു ഉണ്ടായിരുന്നത്.' എന്ന് കോടതി വിമർശിച്ചു.
എന്നാൽ തനിക്ക് ശ്വാസതടസ്സമുണ്ട്, ഇതിനായി പ്രത്യേകം മെഷീൻ ഉപയോഗിക്കുന്നുണ്ട്, ആ മെഷീൻ ഉപയോഗിക്കുന്നതിന് പ്ലഗ് പോയിന്റ് വേണം, അതുകൊണ്ടാണ് ആശുപത്രിയിൽ കഴിഞ്ഞത് എന്നായിരുന്നു തച്ചങ്കരിയുടെ ന്യായീകരണം. ഇതിന്റെ ബാക്കിയായി, എന്തായിരുന്നു തച്ചങ്കരിയുടെ അസുഖമെന്നും, അതിന്റെ ചികിത്സ സംബന്ധിച്ച രേഖകൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
'ജയിലിൽ നിന്നിറങ്ങി 10 ദിവസത്തിനുള്ളിൽ തന്നെ വിദേശത്തേക്ക് പോകണമെന്ന ഹർജിയുമായി തച്ചങ്കരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത്രയധികം അസുഖമുള്ള വ്യക്തി എങ്ങനെ വിദേശത്ത് പോകും? വിമാനത്തിൽ കയറുമ്പോഴുള്ള ഇൻബാലൻസുകളടക്കം ഇത്രയും രോഗങ്ങളുള്ള ഒരാൾക്ക് എങ്ങനെ താങ്ങാൻ കഴിയും?' എന്നും കോടതി ചോദിച്ചു. കോടതിയുടെ ഈ വിമർശനത്തിന് പിന്നാലെയാണ് തച്ചങ്കരി തന്റെ വിദേശയാത്ര ഉപേക്ഷിക്കുന്നതായി അറിയിച്ചത്.
Content Highlights: The High Court criticized former DGP Tomin Thachankary's plea to travel abroad, questioning how someone with severe health issues could undertake such a journey. The court highlighted Thachankary's immediate transfer to the jail hospital after his sentencing, suggesting a potential conspiracy and calling for an investigation into who facilitated his stay there. Thachankary justified his hospital stay by citing the need for a machine to manage his breathing issues, but the court demanded medical records for verification, leading to his withdrawal of the travel request.