മലപ്പുറം മേലാറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; 1.3 കോടി രൂപയുമായി രണ്ടുപേര്‍ പിടിയില്‍

Screengrab: Mathrubhumi News
Screengrab: Mathrubhumi News

മലപ്പുറം: മേലാറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. 1.3 കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കം സ്വദേശികളായ മലയില്‍ മുഹമ്മദ്, നൊട്ടംതൊടിക റഹീം എന്നിവരാണ് പിടിയിലായത്. 

രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച അര്‍ധരാത്രി മേലാറ്റൂര്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. ഉച്ചാരക്കടവില്‍വെച്ചാണ് പ്രതികള്‍ പോലീസിന്റെ മുന്നില്‍പ്പെട്ടത്. തുടര്‍ന്ന് ഇവരുടെ വാഹനം പരിശോധിച്ചപ്പോള്‍ രഹസ്യ അറയില്‍ സൂക്ഷിച്ചനിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുകയായിരുന്നു. 

കോയമ്പത്തൂരില്‍നിന്ന് കോഴിക്കോട്ട് എത്തിക്കാനായാണ് പണം കൊണ്ടുപോയതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

Content Highlights: hawala money seized from melattur malappuram