കെ.ജി വിദ്യാർഥിനിക്ക് മൂന്നാം ക്ലാസ്സുകാരന്റെ ക്രൂരമർദനം; ബോധം പോയിട്ടും ചെടിച്ചട്ടിയും കല്ലുമുപയോഗിച്ച് മർദിച്ചു

#ന്യൂസ് ഡെസ്ക്
കെ.ജി വിദ്യാർഥിനിയെ മർദിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
കെ.ജി വിദ്യാർഥിനിയെ മർദിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്

പഞ്ച്കുള: ഹരിയാന പഞ്ച്കുളയിലെ സംസ്‌കൃത് മോഡൽ സ്‌കൂളിൽ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കെ.ജി വിദ്യാർഥിനിക്ക് മൂന്നാം ക്ലാസ്സുകാരന്റെ ക്രൂരമർദനം. കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ചാണ് പെൺകുട്ടിയെ മൂന്നാം ക്ലാസ്സുകാരൻ മർദിച്ചത്. അതീവഗുരുതരാവസ്ഥയിലായ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്ലാസ്സ് മുറിയിൽ വെച്ചാണ് പെൺകുട്ടിക്ക് മർദനമേൽക്കുന്നത്. മേശയ്ക്ക് മുകളിലേക്ക് പെൺകുട്ടിയുടെ തല ഇടിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ശേഷം നിലത്തേക്ക് തള്ളിയിടുകയും കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് മുഖത്തും ശരീരത്തും ക്രൂരമായി മർദിക്കുകയുമായിരുന്നു. രക്തത്തിൽ കുളിച്ച് പെൺകുട്ടിക്ക് ബോധം പോയിട്ടും മൂന്നാം ക്ലാസ്സുകാരൻ ആക്രമണം തുടർന്നു. പിന്നാലെ ക്ലാസ്സിൽനിന്ന് പുറത്തേക്ക് പോവുകയും ചെയ്തു.

പെൺകുട്ടിയെ കൂട്ടികൊണ്ടുപോവാനായി രക്ഷിതാക്കൾ വന്നപ്പോഴാണ് സംഭവം അറിയുന്നത്. കുട്ടിയെ കുറിച്ച് അന്വേഷിച്ചപ്പോൾ നിങ്ങളുടെ മകൾ അവിടെ കിടക്കുന്നുവെന്നായിരുന്നു മൂന്നാം ക്ലാസ്സുകാരൻ പറഞ്ഞത്. കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവാനായിരുന്നു നിർദേശം.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് മൂന്നാം ക്ലാസ്സുകാരൻ പെൺകുട്ടിയെ മർദിച്ചത് എന്ന കാര്യം പരിശോധിച്ചുവരികയാണ്. മൂന്നാം ക്ലാസ്സുകരാൻ ഏതാനും ആഴ്ചകളായി ഇത്തരത്തിൽ പെരുമാറുന്നുണ്ടെന്നും നേരത്തെ സമീപത്തെ നായകളെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് കുട്ടിയുടെ അടുത്ത ബന്ധു പറഞ്ഞു. സ്‌കൂൾ അധ്യാപകർക്ക് പരാതി നൽകുമെന്ന് പറഞ്ഞതിനാലാണ് പെൺകുട്ടിയെ മൂന്നാം ക്ലാസ്സുകാരൻ മർദിച്ചത് എന്നാണ് ബന്ധു പറഞ്ഞത്. ഇത് സ്ഥിരീകരിച്ചിട്ടില്ല.

സംഭവം അന്വേഷിക്കാൻ വിദ്യാഭ്യാസമന്ത്രിയുടെ മേൽനോട്ടത്തിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിദ്യാർഥികളുട സുരക്ഷയിൽ വീഴ്ചവരുത്തിയ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി മഹിപാൽ ദണ്ഡ പറഞ്ഞു.

Content Highlights: A KG student was brutally beaten by a third-grade student inside a Panchkula model school., The victim is currently in critical condition in the intensive care unit., Education Minister Mahipal Dhanda formed a committee to investigate the security lapse., Police have registered a case and are investigating the motive behind the attack.