‘ഇനി നേർവഴി’; സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ നുഹിൽ സ്വന്തം സ്മാർട്ട്ഫോണുകൾ തകർത്ത് യുവാക്കൾ

എക്സിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് | Photo: Screengrab from x.com/sathyashrii
എക്സിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് | Photo: Screengrab from x.com/sathyashrii

നുഹ് (ഹരിയാന): ഹരിയാണയിലെ നുഹിൽ യുവാക്കൾ കൂട്ടത്തോടെ സ്മാർട്ട്ഫോണുകൾ തകർത്തു. നൂഹ് ജില്ലയിലെ സുഖ്പുരി ഗ്രാമത്തിലാണ് സംഭവം. സൈബർ കുറ്റകൃത്യങ്ങളിലേക്ക് പോകാതിരിക്കാനും സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് 55-ഓളം വിലകൂടിയ സ്മാർട്ട്ഫോണുകൾ യുവാക്കൾ പരസ്യമായി തകർത്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

സത്യസന്ധമായും നിയമം അനുസരിച്ചും ജീവിക്കുമെന്ന് യുവാക്കൾ പ്രതിജ്ഞയെടുത്തു. യുവാക്കളെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് അകറ്റാനും അമിതമായ ഫോൺ ഉപയോഗം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് നടപടി. ഗ്രാമത്തിൽ സ്മാർട്ട്ഫോണുകൾക്ക് പൂർണമായും നിരോധനം ഏർപ്പെടുത്താൻ പഞ്ചായത്ത് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഇനി മുതൽ സാധാരണ കീപാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിയമത്തിന്റെ വഴിയിലേക്ക് മടങ്ങാൻ അവസരമൊരുക്കാൻ നുഹ് പോലീസ് സൂപ്രണ്ട് ഡോ. അർപിത് ജെയിൻ പ്രത്യേക ബോധവൽക്കരണ പരിപാടി ആരംഭിച്ചിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യുവാക്കൾ ഇത്തരമൊരു കടുംകൈ സ്വീകരിച്ചത്. മുൻകാല ക്രിമിനൽ ബന്ധങ്ങൾ പൂർണമായും ഉപേക്ഷിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ഉറപ്പുനൽകി.

പരിപാടിയിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർ യുവാക്കളുടെ തീരുമാനത്തെ അഭിനന്ദിച്ചു. കുറ്റവാളികളെ പിടികൂടുക മാത്രമല്ല, അവർക്ക് ജീവിതം തിരുത്താനുള്ള അവസരം നൽകുക കൂടി വേണമെന്നും, അത്തരം ആളുകൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും പോലീസ് വ്യക്തമാക്കി. ഗ്രാമത്തിലെ ജനങ്ങളും ഈ തീരുമാനത്തിന് വലിയ പിന്തുണയാണ് നൽകുന്നത്. കുറ്റകൃത്യങ്ങളിൽ നിന്ന് മാറിനിന്ന് വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗ്രാമീണർ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു.

രാജ്യത്തെ സംഘടിത സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് നുഹ്. ജില്ലയിലെ 60 ഗ്രാമങ്ങൾ സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രാജ്യത്തെ ഒൻപത് സൈബർ കേസുകളിൽ ഒന്ന് നൂഹിൽനിന്നാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകളും ഇന്റർനെറ്റും ലഭ്യമായതുമാണ് പല യുവാക്കളെയും പെട്ടെന്ന് പണമുണ്ടാക്കാൻ സൈബർ തട്ടിപ്പുകളിലേക്ക് ആകർഷിക്കുന്നത്.