പോലീസിനെ കണ്ടതും പതറി, ബാഗ് തുറന്നപ്പോൾ അമ്പരപ്പ്; 63-കാരനിൽനിന്ന് പിടികൂടിയത് ലക്ഷങ്ങളുടെ സ്വർണം

കാസർകോട്: തീവണ്ടികളിൽ യാത്രക്കാരുടെ സ്വർണാഭരണങ്ങൾ കവർന്ന വിവിധ കേസുകളിൽ പ്രതിയായ ഹരിയാണ സ്വദേശി കാസർകോട് റെയിൽവേ പോലീസിന്റെ പിടിയിലായി. ഹരിയാണ ഹിസാർ ജില്ലയിലെ ഭാട്ടോൾ രങ്കറൻ സ്വദേശി ദിൽബാഗ് (63) ആണ് പിടിയിലായത്. ഏകദേശം 13.74 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ ഇയാളിൽനിന്ന് കണ്ടെടുത്തു.
കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് റെയിൽവേ പോലീസും ആർ.പി.എഫും നടത്തിയ പരിശോധനയ്ക്കിടെയാണ് ദിൽബാഗിനെ കണ്ടത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളുടെ മൊഴികളിൽ വൈരുധ്യം തോന്നിയതിനെത്തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ ആഭരണങ്ങൾ കണ്ടെത്തിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ, 2025 നവംബറിൽ ചെന്നൈ-മംഗളൂരു മെയിലിൽ (12601) യാത്രക്കാരുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന കേസുകളിൽ ഷൊർണൂർ, കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനുകളിലെ ഒന്നാം പ്രതിയാണ് ഇയാളെന്ന് കണ്ടെത്തി. ഇതോടെ പിടിച്ചെടുത്ത ആഭരണങ്ങൾ മോഷണമുതലാണെന്ന നിഗമനത്തിലെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാസർകോട് റെയിൽവേ പോലീസ് സ്റ്റേഷനിൽ ബി.എൻ.എസ്. 303(2) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആഭരണങ്ങളുടെ യഥാർഥ ഉടമകളെ കണ്ടെത്താനും മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. റെയിൽവേ പോലീസ് എസ്.ഐ. സി.എസ്.സനിൽകുമാർ, എ.എസ്.ഐ. ഗംഗാധരൻ, സിവിൽ പോലീസ് ഓഫീസർ സനൂപ്, ആർ.പി.എഫ്. കോൺസ്റ്റബിൾ എൻ.രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.