കാണാതായിട്ട് നാലുമാസം, യുവതിയെ കൊന്ന് കുഴിച്ചുമൂടി; കാമുകനായ ജിം ട്രെയ്നർ അറസ്റ്റിൽ, തെളിവായത് CCTV

ലഖ്നൗ: കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി യുവാവ്. ഉത്തര് പ്രദേശിലെ കാണ്പുരിലാണ് സംഭവം. ഏക്താ ഗുപ്ത (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകനും ജിമ്മിലെ പരിശീലകനുമായ വിശാല് സോണിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു യുവതിയുമായി വിശാലിന്റെ വിവാഹനിശ്ചയം നടത്തുന്നതിനെ ഏക്ത എതിര്ത്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. നാലുമാസം മുന്പാണ് കൊലപാതകം നടന്നത്.
ഏക്തയെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കാണ്പുര് ജില്ലാ മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തെ ക്ലബിനുള്ളിലാണ് വിശാല് കുഴിച്ചിട്ടിരുന്നത്. വിശാല് നല്കിയ വിവരത്തിന് പിന്നാലെ മൃതദേഹം ഇവിടെനിന്ന് കണ്ടെടുത്തു. ഏക്തയെ കാണാതായതിന് പിന്നാലെ അവരുടെ ഭര്ത്താവ് രാഹുല് ഗുപ്ത പോലീസിന് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശാല് ശനിയാഴ്ച പിടിയിലായത്.
ജൂണ് 24-ാം തീയതി ഏക്ത, വിശാലിനെ കാണാന് ജിമ്മില് വരികയും വിശാലിന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില് വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടര്ന്ന് ഇവര് പുറത്തേക്ക് പോയി. ഇരുവരും ജിമ്മില്നിനിന്ന് പോകുന്നതിന്റെ ദൃശ്യങ്ങള് സി.സി.ടി.വിയില് പതിഞ്ഞിരുന്നു. തുടര്ന്നുണ്ടായ വാക്കേറ്റത്തിനിടെ വിശാല്, ഏക്തയെ ഇടിച്ചു. ഇതേത്തുടര്ന്ന് യുവതി ബോധരഹിതയായി. ശേഷം വിശാല് അവരെ കൊലപ്പെടുത്തുകയും കാണ്പുര് ജില്ലാ മജിസ്ട്രേട്ടിന്റെ വീടിന് സമീപത്ത് കുഴിച്ചുമൂടുകയുമായിരുന്നു.
'ദൃശ്യം' സിനിമയുടെ ബോളിവുഡ് പതിപ്പിൽനിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് മൃതദേഹം കുഴിച്ചുമൂടാന് വിശാല് തീരുമാനിച്ചതെന്ന് പോലീസ് അറിയിച്ചു. സമൂഹത്തിലെ ഉന്നതര് താമസിക്കുന്ന മേഖലയാണ് മൃതദേഹം കുഴിച്ചിടാന് വിശാല് തിരഞ്ഞെടുത്തത്. ഇത്തരമൊരു മേഖലയില് ഒരു കൊലപാതകം നടന്നുവെന്ന് പോലീസ് സംശയിക്കാന് സാധ്യത ഇല്ലെന്നായിരുന്നു വിശാലിന്റെ കണക്കുകൂട്ടല്.
അതേസമയം, വിശാലും ഏക്തയും തമ്മില് പ്രണയബന്ധത്തിലായിരുന്നില്ലെന്ന് ഏക്തയുടെ ഭര്ത്താവ് രാഹുല് പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സംഭവത്തിന് പിന്നാലെ കാണ്പുര് മേഖലയിലെ ജിം ട്രെയിനര്മാരെ കുറിച്ചുള്ള വിവരശേഖരണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
Content Highlights: gym trainer arrested for murdering lover