‘മർദിച്ചു, നെഞ്ചിൽ കുത്തി’; ഹോംസ്റ്റേയിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ദുരൂഹത; ആൺസുഹൃത്ത് അറസ്റ്റിൽ

ഗുവാഹാട്ടി: അസമിൽ ഗുവാഹാട്ടി സർവകലാശാല വിദ്യാർഥിനി ഹോംസ്റ്റേയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ ആൺസുഹൃത്ത് ആഷിഖ് അലി (26) ആണ് അറസ്റ്റിലായത്. ധരാപൂർ-ഗരാൽ മേഖലയിലെ ഹോംസ്റ്റേയിൽ വെച്ചാണ് പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ഗുവാഹാട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കൊലപാതകം, കൂട്ടമാനഭംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യമായ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ മുറി നൽകിയതിനെ തുടർന്ന് സംഭവസ്ഥലമായ ഹോംസ്റ്റേ പോലീസ് സീൽ ചെയ്യുകയും ഉടമയെയും ജീവനക്കാരെയും ചോദ്യംചെയ്യുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരികളുടെ കൂടെ ഹോസ്റ്റലിൽ തങ്ങുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ, ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ അമ്മയെ ഫോണിൽ വിളിച്ച് തനിക്ക് മർദ്ദനമേറ്റതായി അറിയിക്കുകയായിരുന്നു. "അമ്മേ, അവർ എന്നെ മർദ്ദിക്കുകയും നെഞ്ചിൽ കുത്തുകയും ചെയ്തു. എനിക്ക് ശ്വാസമെടുക്കാൻ പറ്റുന്നില്ല" എന്നായിരുന്നു പെൺകുട്ടിയുടെ അവസാന വാക്കുകൾ. തുടർന്ന് ഫോൺ സ്വിച്ച് ഓഫാവുകയും കുടുംബം അസാര പോലീസിനെ സമീപിക്കുകയുമായിരുന്നു. പോലീസിന്റെ തിരച്ചിലിലാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയുന്നത്.
പെൺകുട്ടി ആത്മഹത്യചെയ്തതാണെന്നാണ് ആൺസുഹൃത്ത് ആഷിഖ് അലി പോലീസിന് നൽകിയ മൊഴി. എന്നാൽ, മകളുടെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റതിന്റെയും കയർകൊണ്ട് കൂട്ടിക്കെട്ടിയതിന്റെയും പാടുകളുണ്ടെന്നും കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
കേസിൽ ശാസ്ത്രീയ തെളിവുകളും ഫോറൻസിക് റിപ്പോർട്ടുകളും ശേഖരിച്ചുവരികയാണെന്ന് വെസ്റ്റ് അസം ഡി.സി.പി അറിയിച്ചു. സംഭവത്തിൽ വൻ പ്രതിഷേധവുമായി പ്രാദേശിക നിവാസികളും വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചുതവണ ഇവർ ഈ ഹോം സ്റ്റേയിൽ തങ്ങിയതായാണ് പോലീസ് വ്യക്തമാക്കുന്നത്. വ്യക്തമായ രേഖകൾ നൽകാതെയായിരുന്നു ഇരുവരുടേയും താമസം. ഹോം സ്റ്റേയിലെ പത്താം നമ്പർ മുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. രാത്രി 9.30 ഓടെ ഇവർ ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു. പിന്നീട് പുലർച്ചെ നിലവിളി കേട്ടുവെന്നാണ് ജീവനക്കാർ പോലീസിന് നൽകിയ മൊഴി.
രാത്രിയിൽ മറ്റൊരു ആൺകുട്ടിയും ആ മുറിയിൽ ഉണ്ടായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. നിലവിളി കേട്ട് മുറിയിലെത്തിയപ്പോൾ നിലത്ത് വീണ് കിടക്കുന്ന നിമിഷയെ കെട്ടിപ്പിടിച്ച് ആഷിഖ് കരയുന്നതാണ് കണ്ടതെന്ന് ഹോം സ്റ്റേ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഹോം സ്റ്റേ ഉടമയേയും ജീവനക്കാരേയും പോലീസ് ചോദ്യംചെയ്തു.
സംഭവദിവസം രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയുമായി തനിക്ക് ബന്ധമുണ്ടെന്ന് ആഷിഖ് അലി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അന്നേദിവസം രാത്രിയിൽ ഇരുവരും പുറത്തുപോയിരുന്നു. അത് എവിടേക്കാണ് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അബോധാവസ്ഥയിലേക്ക് പെൺകുട്ടിയെ എത്തിച്ച കാര്യങ്ങൾ എന്തായിരുന്നുവെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Content Highlights: Guwahati University student Nimisha Thakuria found dead in a homestay., Boyfriend Ashiq Ali arrested and undergoing police interrogation., Family alleges murder, torture, and gang rape, while the accused claims suicide., Police sealed the homestay for providing a room without proper identification documents.