ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിഡ്ജിലാക്കി; പശ്ചാത്താപമില്ല, ഷുഗർഡാഡിയേയും കൊല്ലുമെന്ന് ഭർത്താവ്

ഗുവാഹത്തി: അസമിലെ ബെൽതോലയിൽ ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിൽവിട്ടു. ബോട്ടിക് ജീവനക്കാരിയായിരുന്ന റിയ താലൂക്ദാർ ആണ് കൊല്ലപ്പെട്ടത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന രാമാനുജ് ഗോസ്വാമിയാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഭാര്യയുടെ ഭാഗികമായി ജീർണ്ണിച്ച ശരീരത്തോടൊപ്പം മൂന്ന് ദിവസമാണ് ഇയാൾ ഫ്ലാറ്റിൽ കഴിഞ്ഞത്.
ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹാതിഗാവ് പോലീസ് ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് തറയിൽ കിടന്നിരുന്ന റിയയുടെ തലയില്ലാത്ത മൃതദേഹവും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ തലയും പോലീസ് കണ്ടെത്തിയത്.
താൻ ചെയ്ത ക്രൂരകൃത്യത്തിൽ യാതൊരുവിധ പശ്ചാത്താപവുമില്ലെന്ന് ഇയാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി."ഒരു പശ്ചാത്താപവുമില്ല, ആരോടും മാപ്പപേക്ഷിക്കാനുമില്ല, ഞാൻ എന്നെങ്കിലും പുറത്തിറങ്ങുകയാണെങ്കിൽ അവളുടെ 'ഷുഗർ ഡാഡി'യെയും കൊലപ്പെടുത്തും" എന്നായിരുന്നു പ്രതിയുടെ പ്രതികരണം. കൊലപാതകം സമ്മതിച്ച ഇയാളെ കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സെപ്റ്റംബർ മൂന്നിന് ദമ്പതികൾ തമ്മിൽ ആരംഭിച്ച വഴക്ക് സെപ്റ്റംബർ നാലിന് പുലർച്ചെ വരെ നീണ്ടുപോവുകയും തുടർന്നുണ്ടായ കടുത്ത ദേഷ്യത്തിൽ താൻ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു എന്നും പ്രതി പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം പോലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷത്തിൽ താഴെ മാത്രമേ ആയിരുന്നുള്ളൂ. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചും വസ്തുതകളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: Ramanuj Goswami surrendered to Guwahati police after allegedly killing and beheading his wife, Riya Talukdar., The victim's severed head was found wrapped in a plastic bag inside a refrigerator in their Beltola flat.