പ്രണയബന്ധം ഭാര്യയെ അറിയിച്ചതിൽ വൈരാഗ്യം, പെൺവേഷത്തിൽ ഗുരുവായൂരിലെത്തി, ലക്ഷ്യം കൊലപാതകം

ഗുരുവായൂർ: ഗുരുവായൂരിൽ പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺവേഷം കെട്ടിയ ഒരാൾ ഉൾപ്പെടെയുള്ള അഞ്ചംഗസംഘമാണ് ബുധനാഴ്ച ഗുരുവായൂരിലെത്തിയത്. പടിഞ്ഞാറ് നടയിൽ ഇയാൾ നടക്കുന്നതുകണ്ട് സംശയം തോന്നി കസ്റ്റഡിയിലെടുത്തപ്പോഴാണ് കൊലപാതക പദ്ധതി പുറത്തുവന്നത്. സംഘത്തിലെ പ്രസാദ് എന്നയാളാണ് സ്ത്രീവേഷം കെട്ടി എത്തിയത്.
തൊടുപുഴയിലെ ഒരു സ്പായിൽ ജോലി ചെയ്യുകയായിരുന്ന യുവതിയുമായി പ്രസാദിന് അടുപ്പമുണ്ടായിരുന്നു. അവർ ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ യുവതിയുമായി പ്രസാദ് തെറ്റിപ്പിരിഞ്ഞു. തുടർന്ന് ഈ യുവതി പ്രസാദിന്റെ ഭാര്യയോട് വിവരങ്ങൾ പറയുകയും ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു. ഇത് കുടുംബപ്രശ്‌നത്തിലേക്ക് നയിച്ചതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്താനുള്ള പദ്ധതിയിലേക്കെത്തിയത്.
തൊടുപുഴയിൽ നിന്ന് യുവതി ഗുരുവായൂരിലേക്ക് ജോലി മാറി എത്തിയിരുന്നു. ജോലി വിവരവും താമസസ്ഥലവും അന്വേഷിക്കുന്നതിനായാണ് പ്രസാദ് വേഷം മാറി നടന്നത്. യുവതിയെ കണ്ടെത്തി സംഘത്തോടൊപ്പം കൊലപാതകം നടത്താനായിരുന്നു പ്രസാദിന്റെ പദ്ധതി. ഇവരുടെ പക്കൽനിന്ന് 16 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
സ്ത്രീവേഷത്തിൽ പടിഞ്ഞാറേനടയിൽ കണ്ട പ്രസാദിനെ പോലീസ് സംശയാസ്പദമായി ചോദ്യം ചെയ്തതായിരുന്നു. താൻ കൂട്ടുകാരിയെ കാണാൻ വന്നതെന്നായിരുന്നു പറഞ്ഞത്. പന്തികേടു തോന്നി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കൂടുതൽ ചോദ്യം ചെയ്തു. അപ്പോഴാണ് ഇവർ സംഘം ചേർന്ന് യുവതിയെ കൊലപ്പെടുത്താനെത്തിയതാണെന്നതിന്റെ ചുരുളഴിയുന്നത്. ഒപ്പമുള്ള നാലുപേരെ ഗുരുവായൂരിലെ ലോഡ്ജിൽനിന്ന് പിടികൂടി. അവർ മുങ്ങാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കാറിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. തൊടുപുഴ സ്വദേശികളായ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23), ചോലമാട്ടത്തിൽ പ്രസാദ് (43), തോട്ടുകര തെങ്ങിൽ ഷാഹിദ് (24), കാരക്കുന്നേൽ സ്റ്റീഫൻ (32), ഇടുക്കി മാത്തപ്പാറ തൈപ്പറമ്പിൽ ബിനീഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Content Highlights: Five-member gang arrested in Guruvayur for planning a murder., Main suspect Prasad disguised himself as a woman to track the victim., Motive linked to a personal dispute originating from Thodupuzha., Police recovered 16 grams of ganja from the suspects' vehicle., Suspects were apprehended at a lodge while attempting to flee.