പണിമുടക്ക് ദിനത്തിൽ ഹോട്ടൽ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ, മറ്റു കടകളിലും അതിക്രമം

അനീഷ് പ്രസാദ് സുരേഷ് ബാബു രഘു മുഹമ്മദ് നിഷാർ
അനീഷ് പ്രസാദ് സുരേഷ് ബാബു രഘു മുഹമ്മദ് നിഷാർ

ഗുരുവായൂർ: പണിമുടക്ക് ദിനത്തിൽ ഗുരുവായൂരിലെ ഹോട്ടലിൽ കയറി അക്രമം കാട്ടിയ കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ഗുരുവായൂരിലെ വഴിയോരക്കച്ചവട തൊഴിലാളി യൂണിയനിൽപ്പെട്ടവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

പാലുവായ് വടശ്ശേരി അനീഷ് (ലുട്ടു -45), ഇരിങ്ങപ്പുറം കണ്ണംകുളം പറങ്ങോടത്ത് പ്രസാദ് (40), ഇരിങ്ങപ്പുറം കുളങ്ങര സുരേഷ് ബാബു (38), കാരക്കാട് കക്കാട്ട് രഘു (49), മാവിൻചുവട് പുതുവീട്ടിൽ മുഹമ്മദ് നിഷാർ (50) എന്നിവരെയാണ് ടെമ്പിൾ സ്റ്റേഷൻ എസ്ഐ പ്രീതാ ബാബു അറസ്റ്റുചെയ്തത്.

ഗുരുവായൂർ പടിഞ്ഞാറേനടയിലെ സൗപർണിക ഹോട്ടലിനു നേരേയാണ് ഇവർ അക്രമം കാട്ടിയത്. ഹോട്ടലിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. ബുധനാഴ്ച വൈകീട്ട് കിഴക്കേനടയിലെ ഹോട്ടൽ അടപ്പിക്കുന്നതിനായി എത്തി സംഘർഷമുണ്ടാക്കിയതിനു പിന്നിലും ഇവർ തന്നെയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രസാദ്, സുരേഷ് ബാബു, മുഹമ്മദ് നിഷാർ എന്നിവരെ അവിടെ നിന്നാണ് ബലംപ്രയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് രണ്ടു പേരെ വേറെ സ്ഥലത്തുനിന്ന് അറസ്റ്റുചെയ്തു.

പണിമുടക്ക് ദിവസം പടിഞ്ഞാറേനടയിലെ ശബരി, ശാസ്ത എന്നീ തുണിക്കടകളിൽ കയറിയും ഭീഷണിപ്പെടുത്തുകയും സാധനങ്ങൾ വലിച്ചിടുകയും ചെയ്തിരുന്നു. പണിമുടക്ക് ദിവസങ്ങളിൽ ക്ഷേത്രനടകളിലെ കടകളെ ഒഴിവാക്കുക പതിവുണ്ടായിരുന്നു. അതുപ്രകാരമാണ് ഏതാനും കടകൾ കുറച്ചുസമയത്തേക്ക് തുറന്നത്. എന്നാൽ, പണിമുടക്കനുകൂലികൾ സംഘമായെത്തി അക്രമം കാട്ടുകയായിരുന്നുവെന്നാണ് പരാതി. കടകളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

Content Highlights: Five members of a trade union arrested for attacking a hotel in Guruvayur during a strike