പുലർച്ചെ 1.30-ന് സുഹൃത്തിനൊപ്പം കാറിലിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പോലീസ്

പ്രതീകാത്മക ചിത്രം| AI generated image
പ്രതീകാത്മക ചിത്രം| AI generated image

ഗുഡ്‌ഗാവ്: വിനോദ സഞ്ചാര മേഖലയിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി. ഹരിയാണയിലെ ഗുഡ്ഗാവിലാണ് സംഭവം. ആരവല്ലി മലഞ്ചെരുവിലെ വിനോദ സഞ്ചാരകേന്ദ്രം സന്ദർശിക്കാനെത്തിയ 23-കാരിയെ ആണ് ഭക്ഷണ വില്പനക്കാരനായ ഗൗരവ് ഭാട്ടി (25) എന്നയാൾ തട്ടിക്കൊണ്ടുപോയത്. സമയോചിത ഇടപെടലിലൂടെ പോലീസ് യുവതിയെ രക്ഷപ്പെടുത്തി.

ഞായറാഴ്ച രാത്രി 1.30 ഓടെയായിരുന്നു സുഹൃത്തിനൊപ്പം യുവതി ആരവല്ലി മലനിരകളിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയത്. ഇരുവരും കാറിലിരിക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെ ഗൗരവ് ഭാട്ടി ഇവരുടെ അടുക്കലെത്തുകയായിരുന്നു. ഇരുവരേയും കണ്ടതോടെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. യുവതിയുടെ കൈയിൽനിന്ന് ഫോൺ തട്ടിപ്പറിച്ച് ഇയാളുടെ വാഹനത്തിനടുത്തേക്ക് ചെന്നു. ഫോൺ പിടിച്ചു വാങ്ങാനായി ഇരുവരും ഇയാളുടെ പിന്നാലെ പോയി. വാഹനത്തിനടുത്ത് എത്തിയപ്പോൾ സുഹൃത്തിനെ തള്ളിയിട്ട് യുവതിയെ വാഹനത്തിൽ കയറ്റി ഇയാൾ ഓടിച്ചു പോവുകയായിരുന്നു.

യുവതിയുടെ സുഹൃത്ത് വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് വാഹനം പോകുന്ന ദിശ മനസ്സിലാക്കി. സംഘമായി തിരിഞ്ഞ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആൾപ്പാർപ്പില്ലാത്ത പ്രദേശങ്ങളിലൂടെയാണ് ഭാട്ടി വാഹനം ഓടിച്ചത്. ഇതിനിടെ ചെളിനിറഞ്ഞ വഴിയിൽ എത്തിയപ്പോൾ വാഹനത്തിന്റെ ടയർ ചെളിയിൽ കുടുങ്ങി. വാഹനം മുമ്പോട്ട് പോകാനാകാത്ത വിധത്തിൽ ടയർ ചെളിയിൽ പൂണ്ടു. ഇവിടെവെച്ച് യുവതി നിലവിളിച്ചപ്പോൾ ഗൌരവ് ഭാട്ടി ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ലൊക്കേഷൻ നോക്കി പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി.

പ്രതിയെ പിന്നീട് പോലീസ് പിടികൂടി. മദ്യം വാങ്ങിവരാനെന്ന് പറഞ്ഞ് സുഹൃത്തിന്റെ വാഹനവുമായി വന്നതായിരുന്നു ഇയാൾ. ഈ വാഹനമുപയോഗിച്ചാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്.

Content Highlights: Gurugram Tourist Kidnapping: Police Swift Action Rescues Young Woman