എംഎൻസി ജീവനക്കാരൻ മരിച്ച നിലയിൽ; ഏഴുവയസുള്ള മകൻ വീഡിയോ ചിത്രീകരിച്ചു, അലറിവിളിച്ച് ഭാര്യ, ദുരൂഹം

#ന്യൂസ് ഡെസ്ക്

ഗുരുഗ്രാം: ഹരിയാണയിലെ ഗുരുഗ്രാം സൂരത് നഗറിൽ ബഹുരാഷ്ട്ര കമ്പനിയിലെ അസോസിയേറ്റ് ഓപ്പറായ 36-കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമൃത്സർ സ്വദേശിയായ സഞ്ജീവ് യാദവ് ആണ് മരിച്ചത്. സംഭവസമയത്ത് ഇയാളുടെ ഭാര്യ മൻപ്രീത് കൗറും ഏഴ് വയസ്സുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. ഇയാൾ ഫാനിൽ തൂങ്ങിനിൽക്കുന്നത് കണ്ട് ഭാര്യ സഹായത്തിനായി നിലവിളിക്കുമ്പോൾ, മകൻ മൊബൈൽ ഫോണിൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഭാര്യ തന്നെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സഞ്ജീവിന്റേത് കൊലപാതകമാണെന്നും ആരോപിച്ച് മരണപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ദമ്പതികൾ തമ്മിൽ കുറച്ചുകാലമായി കുടുംബവഴക്ക് നിലനിന്നിരുന്നുവെന്നും ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെന്നും സഞ്ജീവിന്റെ സഹോദരി ആരോപിച്ചു. നൂറു കിലോയിലധികം ഭാരമുള്ള സഹോദരന് തനിയെ തൂങ്ങിമരിക്കാൻ കഴിയില്ലെന്നും, കുട്ടി പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ ദുരൂഹതയുണ്ടെന്നും സഹോദരി ആരോപിച്ചു.

കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ഭാര്യ മൻപ്രീത് കൗറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും കേസിൽ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ മഹേന്ദർ സിംഗ് അറിയിച്ചു.

അമൃത്സർ സ്വദേശിയായ സഞ്ജീവ്, ഗുരുഗ്രാമിൽ ഡെൻസോയിൽ ജോലി ചെയ്യുന്നതിനിടെയാണ് മൻപ്രീതിനെ കണ്ടുമുട്ടുന്നത്. തുടർന്ന് 2018 ഏപ്രിലിൽ വിവാഹം കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2019ലാണ് ഇരുവർക്കും ഒരു കുട്ടി ഉണ്ടാകുന്നത്. ഇതേത്തുടർന്ന് മൻപ്രീത് ജോലി ഉപേക്ഷിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: 36-year-old MNC associate found dead at his residence in Surat Nagar, Gurugram., Wife and 7-year-old son were present at the scene during the incident., Family alleges murder, citing marital disputes and physical impossibility of suicide., Police have taken the wife into custody for questioning., Post-mortem report awaited to determine the cause of death.